കുന്നിക്കോട്: കുന്നിക്കോടിന്റെ പ്രിയ നേതാവിന് നാട് യാത്രാമൊഴി നൽകി. കഴിഞ്ഞ ദിവസം ആവണീശ്വരം റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ മരണപ്പെട്ട സി.പി.എം കുന്നിക്കോട് ഏരിയ കമ്മിറ്റിയംഗവും വിളക്കുടി ഗ്രാമപഞ്ചായത്തംഗവുമായ എം.റഹീംകുട്ടിക്കാണ് (59) നാട് വിട നൽകിയത്.
ഉച്ചയ്ക്ക് 12 മണിയോടെ കൊട്ടാരക്കരയിൽ നിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം കുന്നിക്കോട്ടെ പാർട്ടി ഓഫീസിൽ എത്തിച്ചത്. മന്ത്രി കെ.എൻ.ബാലഗോപാലും കൊടിക്കുന്നിൽ സുരേഷ് എം.പിയുമടക്കം നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലും കാവൽപ്പുരയിലെ മദറസയിലും പൊതുദർശനത്തിന് വെച്ച ശേഷം സ്വവസതിയായ നദീറ മൻസിലിൽ (തണൽ) കൊണ്ടു പോയി. വൈകിട്ട് 3.30ന് കുന്നിക്കോട് മുസ്ലിം ജമാഅത്തിൽ കബറടക്കി.