കരുനാഗപ്പള്ളി: ആവേശം വാനോളമുയർത്തി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്നലെ രാവിലെ കരുനാഗപ്പള്ളിയിലെ പുതിയകാവിൽ ആരംഭിച്ചു. ദേശീയ പാതയുടെ ഇരുവശങ്ങളിലും കാത്തു നിന്ന ആയിരങ്ങൾ രാഹുൽ ഗാന്ധിയെ വരവേറ്റു. കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറ്റോറിയം ഗ്രൗണ്ടിൽ നിന്ന് നീണ്ട വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് രാഹുൽ ഗാന്ധി
പുതിയകാവ് ജംഗ്ഷനിലേക്കെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും സുരക്ഷാ ഭടൻമാരും
ഏറെ ബുദ്ധിമുട്ടി. യാത്ര ഓച്ചിറയിലേക്ക് നീങ്ങിയതോടെ മുന്നിലും പിന്നിലും ജനങ്ങളും അണി നിരന്നു. വഴി നീളെ കാത്തു നിന്നവർ പൂക്കളും രാഹുലിന്റെ ചിത്രങ്ങളും ഉയർത്തിക്കാട്ടി സ്വാഗതമോതി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല,
കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, സി.ആർ.മഹേഷ് എം.എൽ.എ , കെ.മുരളീധരൻ എം.പി, പി. സി.വിഷ്ണുനാഥ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ, എം.എം.ഹസ്സൻ, കെ.ജി.രവി, ചിറ്റുമല നാസർ, എൻ.അജയകുമാർ, നീലികുളം സദാനന്ദൻ
തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയുടെ ഭാഗമായി. ദേശീയപാതയിൽ പൂച്ചക്കട ജംഗ്ഷനിൽ ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒരുക്കിയ ചരിത്ര പ്രദർശന പവലിയനും അദ്ദേഹം സന്ദർശിച്ചു. അവിടെ കാത്തു നിന്ന കുഞ്ഞുങ്ങളുടെ കയ്യിൽ നിന്ന് പൂക്കളും വാങ്ങി യാത്ര തുടർന്നു.കൊല്ലം ജില്ലാ അതിർത്തിയായ കൃഷ്ണപുരത്ത് എത്തിയോടെ ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തിൽ ജാഥയെ വരവേറ്റ് ആലപ്പുഴ ജില്ലയിലേക്ക് ആനയിച്ചു.