കൊട്ടാരക്കര: നഗരമദ്ധ്യത്തിൽ കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് പതിനാലു ദിവസം. നാട്ടുകാർ നിരന്തരം പരാതി പറഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് കഴിഞ്ഞ രണ്ടാഴ്ചയായി റോഡിലൂടെ ഒഴുകുന്നത് . താലൂക്കാശുപത്രിക്ക് സമീപം

പഴയ കൊല്ലം-ചെങ്കോട്ട റോഡും കൊല്ലം-തിരുമംഗലം റോഡ‌ും തമ്മിൽ ബന്ധിക്കുന്ന പടവുകൾക്കു

സമീപമാണ് പൈപ്പ് പൊട്ടി വെള്ളം പരന്നൊഴുകുന്നത്. വെള്ളമൊഴുകി ആ ഭാഗത്തെ റോഡും നാശത്തിലായി. ഇതുവഴിയുള്ള യാത്രയും ദുരിതത്തിലായി. എന്നിട്ടും ഇതുവഴി കടന്നുപോകുന്ന ജനപ്രതിനിധികളും പൊതു പ്രവർത്തകരും നഗരസഭ അധികൃതരും ഒരു നടപടിയും സ്വീകരിക്കുന്നില്ല.

നോക്കുകുത്തിയായി വാട്ടർ അതോറിട്ടി ഓഫീസ്

നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ടൗണിലെ സമാന്തര പാതയാണിത്. മുമ്പും ഇവിടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിരുന്നു. അന്ന് സമീപത്തുള്ള വ്യാപാരികൾ കൊട്ടാരക്കരയിലെ വാട്ടർ അതോറിട്ടി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ജില്ലാ ഓഫീസിലും പരാതി നൽകി. പരിഹാരമുണ്ടായില്ല. ഒടുവിൽ തിരുവനന്തപുരത്ത് ഹെഡ് ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ഒരു മണിക്കൂറിനുള്ളിൽ ജീവനക്കാരെത്തി പൈപ്പ് അടച്ചു. ഇപ്പോഴും കൊട്ടാരക്കര ടൗണിൽ തന്നെയുള്ള വാട്ടർ അതോറിറ്റി ഓഫീസ് നടപടിയെടുക്കാതെ നോക്കുകുത്തിയായിരിക്കുകയാണ്.

പൊതു ജനങ്ങളുമായി നിരന്തരം ബന്ധപ്പട്ടു പ്രവർത്തിക്കേണ്ട വാട്ടർ അതോറിട്ടി അധികൃതരുടെ അനാസ്ഥ തികച്ചും പ്രതിഷേധാർഹമാണ്. കാലപ്പഴക്കം ബാധിച്ച പൈപ്പുകൾ മാറ്റി കുടിവെള്ള വിതരണം കുറ്റമറ്റതാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

ആർ.സുധാകരൻ നായർ,

ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ്

പ്രൊട്ടക്ഷൻ ഫാറം ഭാരവാഹി