photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച കരുനാഗപ്പള്ളി എ.സി.പി ഓഫീസ് മാർച്ച് പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ: സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ സമീപം.

കരുനാഗപ്പള്ളി: പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് ഉപജീവനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ ജാതിക്കും മതത്തിനും അതീതമായി പ്രവർത്തിക്കുന്നവരാകണമെന്ന് എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ആദിനാട് വടക്ക് ശാഖാ സെക്രട്ടറി പ്രസന്നകുമാറിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിക്കുകയും ശാഖാ പ്രസിഡന്റ് രാജേഷ്, യോഗം ബോർഡ് അംഗം കെ.ജെ.പ്രസേനൻ എന്നിവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത കരുനാഗപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ നടത്തിയ എ.സി.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സത്യത്തിനും സാമൂഹ്യ നീതിക്കും വേണ്ടി നില കൊള്ളുന്ന പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. യോഗ നേതൃത്വവും യൂണിയൻ - ശാഖാ നേതാക്കളും സാമൂഹ്യ പ്രതിബദ്ധതയിൽ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്. അധസ്ഥിതരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ശാഖാ ഭാരവാഹികളോട് മാന്യമായി പൊരുമാറാൻ ഉദ്യാഗസ്ഥർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘടന കൊണ്ട് ശക്തരാകുക എന്ന ശ്രീനാരായണ ഗുരുദേവ ദർശനം പൂർണമായും ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന യോഗത്തെ നയിക്കുന്നത് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നേടശനാണെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതു വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എ.സോമരാജൻ ആമുഖ പ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ്, ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, കുണ്ടറ യൂണിയൻ സെക്രട്ടറി അനിൽകുമാർ, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, എസ്.സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ കെ.രാജൻ, അനിൽ ബാലകൃഷ്ണൻ, ബിജു രവീന്ദ്രൻ, കെ.ബി.ശ്രീകുമാർ, വി.എം.വിനോദ്കുമാർ, ക്ലാപ്പന ഷിബു, ടി.ഡി.ശരത്ചന്ദ്രൻ, യുത്ത് മൂവ്മെന്റ് പ്രസിഡന്റ് സിബു നീലികുളം, വനിതാ സംഘം നേതാക്കളായ അംബികാദേവി, മധുകുമാരി എന്നിവർ സംസാരിച്ചു.