കൊല്ലം : അമ്പലത്തുംകാലയിലെ കുട്ടികൾക്ക് തെരുവുനായ്ക്കളെ ഭയമാണ്. എങ്ങോട്ട് ഇറങ്ങിയാലും തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിയ്ക്കും. രക്ഷിതാക്കളുടെയോ മുതിർന്നവരുടെയോ ഒപ്പമല്ലാതെ കുട്ടികൾക്ക് സ്‌കൂളുകളിൽ പോകാനോ പുറത്തേക്കിറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. അമ്പലത്തുംകാല, കാക്കക്കോട്ടൂർ, ഈലിയോട് ഭാഗങ്ങളിലും കാക്കക്കോട്ടൂർ ലക്ഷംവീട് പ്രദേശത്തുമാണ് തെരുവ്‌നായ ശല്യം അതിരൂക്ഷമായിട്ടുള്ളത്. സ്‌കൂളുകളും ട്യൂഷൻ സെന്ററുകളും നിരവധി ആരാധനാലയങ്ങളും തിരക്കേറിയ കവലകളുമൊക്കെയുണ്ടെങ്കിലും പലയിടവും തെരുവുനായ്ക്കളുടെ പിടിയിലാണ്.

കാക്കക്കോട്ടൂർ ക്ഷേത്രത്തിലേക്ക് പോകുന്നവർക്കും തെരുവ് നായ്ക്കളുടെ ആക്രമണം നേരിടുന്നുണ്ട്.

നായ്ക്കളെ കൊണ്ടുവന്നു തള്ളുന്നു

ലക്ഷംവീട് ഭാഗത്ത് കുട്ടികൾക്ക് വീടിന് പുറത്തേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടികൾക്ക് കളിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഭീതിയിലാണെന്ന് നാട്ടുകാർ പറയുന്നു. വീടുകൾക്ക് മുന്നിൽ ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങളും ചെരുപ്പുകളും കടിച്ചുകീറി നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. നേരത്തെ വന്ധ്യംകരണത്തിനായി കൊണ്ടുപോയ നായ്ക്കളെ പിടികൂടിയയിടത്ത് തിരികെ വിടാതെ ഈ അമ്പലത്തുംകാല, കാക്കക്കോട്ടൂർ, ഈലിയോട് ഭാഗങ്ങളിൽ കൊണ്ടുപോയി തള്ളിയതായും ആക്ഷേപമുണ്ട്.

തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് പ്രദേശവാസികൾ. നായ്ക്കളെ കാണുമ്പോൾ കുട്ടികൾ ഭയന്ന് ഓടുകയും വീണ് പരിക്കേൽക്കുകയും ചെയ്യുന്നത് നിത്യകാഴ്ചയായി മാറിയിട്ടുണ്ട്. ഇവയെ പിടികൂടി ഷെൽട്ടറുകളിലേക്കോ മറ്റോ മാറ്റണം. എസ്. രാജേഷ്, ഈലിയോട്