photo
വിശ്വകർമ്മാ ദിനത്തോടനുബന്ധിച്ച് വി.എസ്.എസ്. താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന ഘോഷയാത്ര

അഞ്ചൽ: വിശ്വകർമ്മ സർവീസ് സൊസൈറ്റി പുനലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് അഞ്ചലിൽ നടന്ന പൊതുസമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മജരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കൂട്ടായ പ്രയത്നം അനിവാര്യമാണെന്നും ഡോ. ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് ശക്തമായ സമ്മർദ്ദം വേണമെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. വിശ്വകർമ്മജരുടെ പരമ്പരാഗത തൊഴിൽ നിലനിറുത്തുന്നതിനും സംരക്ഷിക്കുന്നതിനും ജില്ലകൾ തോറും വിശ്വകർമ്മ മന്ത്രാലയങ്ങൾ ആരംഭിക്കുന്നതിനും വിശ്വകർമ്മജർക്ക് ആർട്ടിസാൻസ് കാർഡ് ലഭ്യമാക്കുന്നതിനും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നുംഎം.പി പറ‌ഞ്ഞു. യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ലിജു ആലുവിള അദ്ധ്യക്ഷനായി. വിശ്വകർമ്മ ദേവ സ്റ്റാമ്പ് പ്രകാശനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ജില്ലാ സെക്രട്ടറി മാങ്കോട് സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, മെമ്പർ ബിന്ദു തിലകൻ തുടങ്ങിയവർ സംസാരിച്ചു. മാദ്ധ്യമപ്രവർത്തകൻ പ്രജീഷ് കൈപ്പള്ളി ഉൾപ്പടെ വിവിധ മേഖലകളിൽ പ്രഗത്ഭരായവരെ ചടങ്ങിൽ ആദരിച്ചു. ഇതോടനുബന്ധിച്ച് അഞ്ചൽ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. സുനിത അനിൽകുമാർ, വിഷ്ണുനാഥ്, കൃഷ്ണൻകുട്ടി തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.