പത്തനാപുരം : ഗാന്ധിഭവൻ ഏഷ്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ ആശ്രയകേന്ദ്രമാണെന്ന് ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഗാന്ധിഭവനിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള സേവനപാക്ഷികത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സേവന വ്യവസ്ഥിതി ധനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. സേവന മനസ്ഥിതി ധർമ്മത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. വീടുകളിൽ അത്താഴത്തിന് മുമ്പായി ഗൃഹനാഥ അത്താഴപഷ്ണിക്കാരുണ്ടോയെന്ന്
വിളിച്ചു ചോദിച്ചതിന് ശേഷമാണ് ആഹാരം കഴിച്ചിരുന്നത് എന്ന കീഴ് വഴക്കം ധർമ്മത്തിന് തെളിവാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗാന്ധിഭവൻ അന്തേവാസികളായ അമ്മമാർ നിർമ്മിച്ച ഉത്പന്നങ്ങൾ ഗാന്ധി ഭവൻ ചെയർമാർ ഡോ. പുനലൂർ സോമരാജനിൽ നിന്ന് വാങ്ങി കെ.സുരേന്ദ്രൻ വാങ്ങി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.
ബി.ജെ.പി കൊല്ലം ജില്ലാഅദ്ധ്യക്ഷൻ ബി.ബി. ഗോപകുമാർ ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗം ജി.ഗോപിനാഥ് , ജില്ലാ ജന.സെക്രട്ടറി അഡ്വ.വയയ്ക്കൽ സോമൻ, ജില്ലാ സെക്രട്ടറി കെ. ആർ. രാധാകൃഷ്ണൻ , മേഖലാ സെക്രട്ടറി ജിതിൻ ദേവ്, കർഷക മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ സുഭാഷ് പട്ടാഴി, കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ബൈജുത്തോട്ടശ്ശേരി, പത്തനാപുരം മണ്ഡലം ജനറൽ സെക്രട്ടറി രാകേഷ് പൂങ്കുളഞ്ഞി എന്നിവർ സംസാരിച്ചു.