പോരുവഴി : പന്നിയെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പോരുവഴിയിലെ കർഷകർ.
പോരുവഴി പഞ്ചായത്തിലെ 7, 8 വാർഡുകളിലാണ് പന്നിശല്യം രൂക്ഷമായിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി രാത്രിയിൽ കൂട്ടത്തോടെ വരുന്ന പന്നികൾ മരച്ചീനി, തെങ്ങ്, വാഴ, ചേമ്പ് എല്ലാം കുത്തിമറിക്കുയാണ്. ചീനിയും ചേമ്പും ചേനയും വാഴയുമൊക്കെ പന്നികളുടെ പ്രിയ ഭക്ഷണമാണ്. എന്നാൽ തെങ്ങിൻ തൈകളും കുത്തി നശിപ്പിക്കുന്നുണ്ടെന്ന് കർഷകർ പരാതി പറയുന്നു.
ഉടൻ തന്നെ പരിഹാരം കണ്ടില്ലെങ്കിൽ കർഷകർക്ക് വിലയ നഷ്ടം സംഭവിക്കുമെന്ന് കർഷകർ പറയുന്നു.
കർഷകർക്ക് നാശം
ഇടയക്കാട് തെക്ക് തടത്തിൽ ശശിധരന്റെ 15 മൂട് തെങ്ങിൻ തൈകളാണ് കുത്തി നശിപ്പിച്ചത്. അമ്പലത്തുംഭാഗം ചിറയുടെ തെക്കതിൽ അജികുമാറിന്റെ മരചീനി, ചേമ്പ്, ചേന എന്നിവയും തടത്തിൽ സുരേന്ദ്രന്റെ വാഴകളും തെങ്ങും തറ പുത്തൻ വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെ 25 ഓളം മരചീനിയും ആനന്ദഭവനം ശിശുപാലന്റെ വാഴകളും നശിപ്പിച്ചിട്ടുണ്ട്.
പരാതികൾക്ക് നടപടിയില്ല
കുറച്ചു നാളുകളായി പന്നികളുടെ ശല്യം രൂക്ഷമാണ്. പരിസരത്തുള്ള കുറ്റിക്കാടുകളിലും പുൽ തോട്ടങ്ങളിലുമാണ് പകൽ ഇതിന്റെ താവളം. രാത്രിയിൽ പലപ്പോഴും കൂട്ടമായി വരുന്ന ഇവയെ പടക്കം പൊട്ടിച്ച് നാട്ടുകാർ ഓടിക്കാറുണ്ട്. പഞ്ചായത്തിലും കൃഷിഭവനിലും പല തവണ പരാതി നൽകിയിട്ടും നടപടിയില്ല.
ലൈസൻസുള്ള തോക്ക് ഉണ്ടെങ്കിൽ വെടി വെക്കാനുള്ള അനുവാദം കിട്ടിയിട്ടുണ്ട്.
ബിനു മംഗലത്ത്
പഞ്ചായത്ത് പ്രസിഡന്റ്