 
ഓയൂർ: കരിങ്ങന്നൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. കാറ് കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. താന്നിമൂട് പൂങ്ങോട് വിജയ വിലാസത്തിൽ വിജയകുമാറിന്റെ കാറാണ് കത്തി നശിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെ യാണ് സംഭവം. വീട്ടിൽ നിന്ന് അമ്പലംകുന്നിലെ മകളുടെ വീട്ടിലേക്ക് പോകാനായി ഭാര്യ ശകുന്തളയും മകൻ കണ്ണൻ നായരും കാറിൽ കുറച്ചു ദൂരം പോകുന്നതിനിടെ എഞ്ചിന്റെ ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ടു. തുടർന്ന് കാർ നിറുത്തി ബോണറ്റ് തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല ബോണറ്റ് അടച്ച ശേഷം വീണ്ടും ഇരുവരും കാറിൽ കയറി യാത്ര തുടരാൻ ഒരുങ്ങവേ വലിയ പുകയും തീയും ഉയരുന്നത് കണ്ട് ഇരുവരും കാറിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെ ട്ടു. ഇവർ നോക്കി നിൽക്കേ കാർ ഒരു തീഗോളമായി കത്തിപടർന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര, നാവായിക്കുളം എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ കെടുത്തിയെങ്കിലും കാർ പൂർണമായും കത്തി നശിച്ചു.