
കൊല്ലം: ലിങ്ക് റോഡ് ഫ്ളൈ ഓവർ മൂന്നാംഘട്ട നിർമ്മാണം പൂർത്തിയായിട്ടും നാലാം ഘട്ടത്തിന്റെ അനുമതിയുടെ പേരിൽ ഉദ്ഘാടനം വൈകിപ്പിക്കുന്നു.
നാലാംഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനത്തിനൊപ്പമേ മൂന്നാംഘട്ടം ഗതാഗതത്തിന് തുറന്നുകൊടുക്കൂ എന്നാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ പിടിവാശി. പക്ഷേ അനുമതി ലഭ്യമാക്കാനുള്ള കാര്യക്ഷമമായ ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.
കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്ത് നിന്ന് ഓലയിൽക്കടവിലേക്ക് ഫ്ലൈ ഓവർ സഹിതമുള്ള ലിങ്ക് റോഡിന്റെ മൂന്നാംഘട്ടം ജൂലായ് പകുതിയോടെ പൂർത്തിയായിരുന്നു. ഇതിനിടയിലാണ് വിവിധ കാരണങ്ങൾ പറഞ്ഞ് തോപ്പിൽക്കടവിലേക്കുള്ള നാലാംഘട്ടത്തിന് കിഫ്ബി തടസവാദം ഉന്നയിച്ചത്. ഇതോടെ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നീളുകയാണ്.
ലിങ്ക് റോഡ് വഴി ഓലയിൽക്കടവിലെത്തുന്ന വാഹനങ്ങൾക്ക് ഓലയിൽ ജംഗ്ഷൻ വഴി കൊല്ലം - മേവറം പാതയിലും മൃഗാശുപത്രിക്ക് മുന്നിലൂടെയുള്ള റോഡ് വഴി കൊല്ലം- തേനി ദേശീയപാതയിലും പ്രവേശിക്കാം. ഈ റോഡുകൾ ഇടുങ്ങിയതായതിനാൽ ലിങ്ക് റോഡ് വഴി വാഹനങ്ങൾ കൂട്ടത്തോടെ കടന്നുവരുമ്പോൾ ഗതാഗതക്കുരുക്കിന് സാദ്ധ്യതയുണ്ട്. ഇത് കൃത്യമായി ബോദ്ധ്യപ്പെടുത്തിയാൽ നാലാംഘട്ടത്തിന് സഹായകരമാകും. ഈ സാദ്ധ്യത കൂടി ഇല്ലാതാക്കിയാണ് മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം വൈകിപ്പിക്കുന്നത്.
നാലാം ഘട്ട ഡിസൈനിൽ അപാകതയില്ലെന്ന്
ലിങ്ക് റോഡിന്റെ നാലാം ഘട്ട ഡിസൈനിൽ അപാകതയില്ലെന്ന് കാട്ടി പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന്റെയും കേരള റോഡ് ഫണ്ട് ബോർഡിന്റെയും റിപ്പോർട്ട് ഈയാഴ്ച സർക്കാരിന് സമർപ്പിക്കും. നാലാംഘട്ട ഡിസൈൻ അശാസ്ത്രീയമാണെന്ന് കാട്ടി കിഫ്ബി നൽകിയ റിപ്പോർട്ടാണ് കുരുക്കായത്. ഇതേ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗവും റോഡ് ഫണ്ട് ബോർഡും കൂടുതൽ പഠനം നടത്തുകയായിരുന്നു. ഫ്ളൈ ഓവറിന് ഉയരക്കുറവില്ലെന്നും ഡിസൈൻ ശാസ്ത്രീയമാണെന്നുമാണ് ഇവരുടെ കണ്ടെത്തൽ. നിലവിലുളള ഡിസൈൻ അനുസരിച്ച് ജോലികൾ ആരംഭിക്കാമെന്നാണ് നിർദേശമെന്ന് അറിയുന്നു.
ലിങ്ക് റോഡ് ഫ്ളൈ ഓവർ
മൂന്നാംഘട്ട ചെലവ് ₹ 102 കോടി
നീളം - 1100 മീറ്റർ
പൂത്തിയായിട്ട് - 2 മാസം
ഡിസൈനിൽ തട്ടി ലിങ്ക് റോഡ്
1. ലിങ്ക് റോഡിന്റെ ഫ്ളൈ ഓവർ തേവള്ളി പാലത്തിന് അടിയിലൂടെ കടന്നുപോകും വിധമാണ് ഡിസൈൻ
2. ഫ്ളൈ ഓവറിന്റെ ഉയരക്കുറവ് ഗതാഗത്തെ ബാധിക്കുമെന്ന് കിഫ്ബി
3. കൊല്ലം - തേനി ദേശീയപാത വികസനത്തിനും ഫ്ളൈ ഓവർ തടസമാകുമെന്ന് വിലയിരുത്തൽ
മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നടത്താത്തതും നാലാംഘട്ട നിർമ്മാണം വൈകുന്നതും സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.
എം.മുകേഷ് എം.എൽ.എ