sam
കോട്ടുക്കൽ ഫാം ടൂറിസത്തിന്റെ ആദ്യ ഘട്ട ഒരുക്കങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു


കൊല്ലം: കുരിയോട്ടുമലയ്ക്ക് പിന്നാലെ കോട്ടുക്കലും ഫാം ടൂറിസത്തിനൊരുങ്ങുന്നു. അലങ്കാര മത്സ്യക്കുളം, ജലധാര, ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, അഗ്രികൾച്ചർ മ്യൂസിയം തുടങ്ങിയവ ഇതിനകം സജ്ജമായിക്കഴിഞ്ഞു.

ആദ്യ ഘട്ട വികസന പ്രവവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവഴിച്ചു. ഒരേക്കറിൽ കൃത്രിമ ജലാശയം, പെഡസ്ട്രിയൽ ബോട്ടിംഗ്, വിദേശ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിക്കൽ, ഏറുമാടം, സംയോജിതകൃഷി, കഫറ്റേറിയ, ഡോർമെട്രി, റൂമുകൾ തുടങ്ങിയവ രണ്ടാംഘട്ടമായി നടപ്പാക്കും. പത്തു കോടി രൂപയുടെ പദ്ധതികളാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഏഴു കോടി രൂപയുടെ പദ്ധതിക്ക് നബാർഡിന്റെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഫാമിലെ ജലസേചന സൗകര്യത്തിനായി രണ്ടു കോടി 25 ലക്ഷം രൂപയുടെ പ്രവർത്തികളും പുരോഗമിക്കുന്നു.

കോട്ടുക്കൽ കൃഷി ഫാമിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ. ഡാനിയേൽ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ.നജീബത്ത്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ഫാം സൂപ്രണ്ട് സിന്ധു ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.