കൊല്ലം: മുണ്ടയ്ക്കൽ ഭാഗത്ത് പാതയോരങ്ങൾ കാടുകയറിയത് വാഹനയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ ചില്ലകളിൽ ഉരഞ്ഞ് വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റുന്നതിന് പുറമെ ഇവയ്ക്കിടയിലുള്ള കല്ലുകളിലും കുഴികളിലും വീഴുന്ന അവസ്ഥയുമുണ്ട്. പുല്ലുകൾ വളരെ ഉയരത്തിൽ വളർന്ന് നിൽക്കുന്നതിനാൽ ഇവിടങ്ങളിൽ മാലിന്യം തള്ളുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. കോഴിവേസ്റ്റ് ഉൾപ്പെടെ തള്ളുന്നതിനാൽ രൂക്ഷമായ ദുർഗന്ധത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണമാകുന്നു. കോർപ്പറേഷന്റെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിക്കുന്ന പ്രവൃത്തികൾ നേരത്തെ നിശ്ചിത ഇടവേളകളിൽ നടക്കാറുണ്ടായിരുന്നു. എന്നാൽ മുണ്ടയ്ക്കൽ ഭാഗത്ത് ഇത്തരം ജോലികൾ നടന്നിട്ട് ഒരുവർഷത്തിലേറെയായെന്ന് നാട്ടുകാർ പറയുന്നു.
കരാർ തൊഴിലാളികൾ തിരിഞ്ഞുനോക്കിയില്ല
ഓണത്തോടനുബന്ധിച്ച് കോർപ്പറേഷൻ പരിധിയിലെ കാടുകൾ വെട്ടിത്തെളിക്കാൻ രണ്ട് മാസത്തേക്ക് കരാറടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം കാലാവധി കഴിഞ്ഞെങ്കിലും ദേശീയപാതയുടെ വശങ്ങളും പ്രധാന റോഡുകളിലും മാത്രമായി കാട് വെട്ടിത്തെളിക്കൽ ചുരുങ്ങി. കോർപ്പറേഷൻ ഡിവിഷനുകളിൽ ഇവരുടെ സേവനം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
മുണ്ടയ്ക്കൽ ഡിവിഷനിലെ 60 ശതമാനം റോഡുകളുടെയും വശങ്ങൾ കാടുകയറിക്കിടക്കുകയാണ്. മുണ്ടയ്ക്കൽ, കൊല്ലം തോടിന് സമീപത്തെ റോഡുകളുടെ വശങ്ങളിൽ മാലിന്യവും തള്ളുന്നുണ്ട്.
കുരുവിള ജോസഫ്,
ഡിവിഷൻ കൗൺസിലർ