thozhilurapp-
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനങ്ങൾക്കെതിരെ എഴുകോൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിലിന്റെ നേതൃത്വത്തിൽ ഭരണ സമിതി നടത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ സംഗമം.

എഴുകോൺ : മസ്റ്റർ റോൾ നൽകുന്നതിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ എഴുകോൺ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ അദ്ധ്യക്ഷനായി. ആതിര ജോൺസൺ, അഡ്വ.സവിൻ സത്യൻ, കെ.ബി.ബിജു, എസ്.എച്ച്. കനകദാസ്, ടി.ആർ.ബിജു, എസ്.സുനിൽകുമാർ, ബീന മാമച്ചൻ , വി.സുഹർബാൻ, ശ്രുതി.ആർ.എസ്, മഞ്ചു രാജ്, ബി.സിബി, പി.സിംലാസനൻ, ഷാജി അമ്പലത്തുംകാല , ജയ. ബി.സി., അജിത, രമ്യ, ശുഭ, വിജയകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

എൻ.എം.എം.എസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ഇന്റർനെറ്റ് കണക്ടിവിറ്റി പ്രശ്നം മൂലം ഹാജർ നഷ്ടപ്പെടുന്നത് ഒഴിവാക്കുക, മെറ്റീരിയൽ ഫണ്ട് കാല താമസം ഒഴിവാക്കുക, തൊഴിലാളികൾക്ക് ഇ.എസ്.ഐ ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.

തൊഴിലുറപ്പ് പ്രശ്നത്തിൽ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ പ്രമേയത്തെ പിന്തുണച്ച് തൊഴിലാളികൾ ഒപ്പിട്ട് തയ്യാറാക്കിയ നിവേദനം യോഗത്തിൽ പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഏറ്റുവാങ്ങി. ചീരങ്കാവിൽ നിന്ന് പ്രകടനമായാണ് തൊഴിലാളികൾ എഴുകോണിലേക്കെത്തിയത്. വിവിധ വാർഡുകളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികൾ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.