 
പടിഞ്ഞാറേ കല്ലട: ശാസ്താംകോട്ടയ്ക്ക് സമീപത്തെ ആഞ്ഞിലിമൂട് മത്സ്യ മാർക്കറ്റിന് സമീപത്തുകൂടി പോകുന്നവർ മൂക്ക് പൊത്തും. ആ പ്രദേശത്ത് അത്രയ്ക്ക് ദുർഗന്ധമാണ്. മാർക്കറ്റിലെ മാലിനജല ടാങ്ക് പൊട്ടി റോഡിലൂടെ ഒഴുകുന്നതാണ് അതിന് കാരണം. മാസങ്ങളായി ഈ അവസ്ഥ തുടരുന്നതല്ലാതെ അധികൃതർക്ക് കണ്ട ഭാവമില്ല. പടിഞ്ഞാറേ കല്ലട , ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ ആളുകൾ ആശ്രയിക്കുന്ന പ്രധാന മത്സ്യ മാർക്കറ്റുകളിൽ ഒന്നാണിത്. ദിനംപ്രതി നൂറ് കണക്കിന് ആൾക്കാരാണ് ഇവിടെ വന്നു പോകുന്നത്.
യാത്രക്കാർ തമ്മിൽ വഴക്ക്
വാഹനങ്ങൾ കടന്നു പോകുമ്പോൾ യാത്രക്കാരുടെ ദേഹത്ത് ഈ മലിന ജലം തെറിച്ചു വീഴുന്നത് കാരണം വാഹന യാത്രക്കാരും കാൽനട യാത്രക്കാരും തമ്മിൽ വഴക്കുണ്ടാവുന്നതും പതിവാണ്. കെട്ടിക്കിടക്കുന്ന മലിന ജലത്തിന് ചുറ്റും കാടുപിടിച്ച് പുഴുക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടെ സാംക്രമിക രോഗങ്ങൾ പടരുവാനുള്ള സാദ്ധ്യതയും ഏറെയാണ്.
അടിയന്തരമായി മലിന ജല ടാങ്കും പരിസരവും വൃത്തിയാക്കി ഈ ദുരിതത്തിന് അറുതി വരുത്തണം. അധികൃതർ ഇടപെട്ടില്ലെങ്കിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും.
നാട്ടുകാർ