കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിൽ ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധി ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു. ഓച്ചിറ ശ്രീനാരായണ മഠം, ശാഖകൾ , ഗുരുക്ഷേത്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 8ന് യൂണിയൻ ഓഫീസിലെ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഭദ്രദീപം തെളിക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഗുരുദേവ ഭാഗവതപാരായണം, മൗനപ്രാർത്ഥന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഓച്ചിറ ശ്രീനാരായണ മഠത്തിൽ ഗണപതി ഹോമത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. ആത്മീയ പ്രഭാഷണം, പ്രാർത്ഥന, അന്നദാനം, ഗുരുപൂജ, ഗുരുപുഷ്ജ്ഞലി എന്നിവ ഉണ്ടായിരിക്കും. യൂണിയന്റെ പരിധിയിലെ 68 ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും മഹാസമാധി ദിനാചരണം നടക്കും. സമാധിദിനാചരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യൂണിയൻ സെക്രട്ടറി എ.സോമരാജൻ അറിയിച്ചു.