
കൊല്ലം: ദേശീയ ജലപാത കടന്നുപോവുന്ന കൊല്ലം തോടിന്റെ മൂന്നാം റീച്ച് നിർമ്മാണം ആരംഭിച്ചു. കച്ചിക്കടവ് മുതൽ ജലകേളി കേന്ദ്രം വരെ 1.8 കിലോമീറ്റർ ദൂരം വരുന്ന മൂന്നാം റിച്ചിൽ സംരക്ഷണഭിത്തിയുടെ നിർമ്മാണമാണ് ആരംഭിച്ചത്.
അടിത്തട്ടിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യും. കരുനാഗപ്പള്ളി ആസ്ഥാനമായ ടി.വി.കെ കൺസ്‌ട്രക്‌ഷൻസ് മൂന്നര കോടി രൂപയ്ക്കാണ് കരാറെടുത്തത്. കച്ചിക്കടവ് ഭാഗത്തെ ഡ്രഡ്ജിംഗ് ജോലികളാണ് ആരംഭിച്ചത്. സംരക്ഷണ ഭിത്തി നിർമ്മിക്കാൻ പാറയും ഇറക്കി. ഇതിനിടെ കരാറുകാരനുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ജോലിയെ ബാധിച്ചു. 2021 ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ദേശീയജലപാത നാടിന് തുറന്നുകൊടുത്തത്. 616 കിലോമീറ്റർ വരുന്ന കോവളം - ബേക്കൽ ദേശീയ ജലപാതയിൽ കൊല്ലം തോട് ഇരവിപുരം കായൽ മുതൽ അഷ്‌ടമുടി സൗത്ത് വരെ 7.86 കിലോമീറ്റർ ദൂരമുണ്ട്. ഇവിടെ ആറ് റീച്ചുകളായി നവീകരണം ആരംഭിച്ചെങ്കിലും മൂന്നാമത്തേത് ഒഴികെ മറ്റെല്ലാം റീച്ചുകളും പൂർത്തിയായി.
മൂന്നാം റീച്ചിന്റെ നിർമ്മാണം പൂർത്തീകരിക്കാതെ ആദ്യമ കരാറുകാരൻ നീട്ടിക്കൊണ്ടുപോയി. തുടർന്ന് 2020 ജനുവരി 7ന് ഇയാളെ ഉൾനാടൻ ജലഗതാഗത വകുപ്പ് ടെർമിനേറ്റ് ചെയ്‌തു. ഇതിനെതിരെ കോടതിയെ സമീപിച്ച കരാറുകാരന് മേയ് 31 വരെ കാലാവധി നീട്ടിക്കിട്ടിയെങ്കിലും നിർമ്മാണത്തിൽ പുരോഗതി ഉണ്ടായില്ല. തുടർന്ന് കഴിഞ്ഞ ആഗസ്ത് 8ന് വീണ്ടും കരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയും വീണ്ടും കരാർ നൽകുകയുമായിരുന്നു.
മൂന്നാം റീച്ച് ദൂരം - 1.8 കിലോമീറ്റർ
കരാർ തുക - ₹ 3.50 കോടി
(സംരക്ഷണ ഭിത്തി നിർമ്മാണവും ചെളി നീക്കലും)