എഴുകോൺ: തൊഴിലുറപ്പ് പദ്ധതിയിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കാൻ കൊണ്ടു വന്ന പരിഷ്ക്കാരം തൊഴിലാളികൾക്ക് വിനയാകുന്നുവെന്ന് ആക്ഷേപം.

നാഷണൽ മൊബൈൽ മോണിറ്ററിംഗ് ആപ്പ് ആണ് തൊഴിലാളികൾക്ക് വില്ലനാകുന്നത്.

തൊഴിലിടങ്ങളിൽ വച്ച് തൊഴിലാളികളുടെ ഗ്രൂപ്പ് ഫോട്ടോയെടുത്ത് ഫോൺ വഴി അപ് ലോഡ് ചെയ്യുന്നതിനാണ് എൻ.എം.എം.എസ് ആപ്പ് ഉപയോഗിക്കേണ്ടത്. എല്ലാ ദിവസവും പ്രവൃത്തി തുടങ്ങുന്നതിന് മുൻപായി ഇത് ചെയ്യണം. ഇത് ശരിയാകാതെ വന്നാൽ ഹാജരും വേതനവും നഷ്ടപ്പെടും. ഗ്രാമീണ മേഖലകളിൽ കൃത്യതയാർന്ന ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്തതിനാൽ പലപ്പോഴും ഇത് പരാജയപ്പെടുകയാണ് പതിവ്.

തൊഴിലുറപ്പാക്കണോ?

ഫോട്ടോയെടുപ്പ് നി‌ർബന്ധാ!

എൻ.എം.എം.എസ് നിർബ്ബന്ധമാക്കിയതോടെ രാവിലെ എട്ടരയോടെ തന്നെ ഫോട്ടോയെടുപ്പും

അപ് ലോഡിംഗും തുടങ്ങണം. രാവിലെ 8ന് വീടു വിട്ടിറങ്ങിയാലെ തൊഴിലാളികൾക്ക് ഈ സമയത്ത് തൊഴിലിടങ്ങളിൽ എത്താനാകൂ. വീട്ടമ്മമാരായ സ്ത്രീകളാണ് പദ്ധതിയിലെ 90 ശതമാനം തൊഴിലാളികളും. ഈ നില തുടന്നാൽ പലർക്കും തൊഴിലുറപ്പ് ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ്.സ്മാർട്ട് ഫോണില്ലാത്ത തൊഴിലാളികൾക്ക് മേറ്റുമാരുടെ ചുമതല ഏറ്റെടുക്കാൻ കഴിയാതെയും വരും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഹാജർ രേഖപ്പെടുത്തുന്നതിനും പ്രവൃത്തികൾ അളന്ന് തിട്ടപ്പെടുത്തി രേഖപ്പെടുത്തുന്നതിനും തൊഴിലാളികൾക്ക് മേറ്റുമാരാകാൻ അവസരം ഒരുക്കിയത്. സ്മാർട്ട് ഫോണില്ലാതെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് മേറ്റുമാരാകാൻ കഴിയാതെ വരുന്നത് ഈ സങ്കൽപ്പത്തിന് തന്നെ വിരുദ്ധമാകും.

ക്രമക്കേട് തടയാൻ

തൊഴിലുറപ്പിൽ വ്യാപക ക്രമക്കേടുണ്ടെന്ന ആക്ഷേപമാണ് ആപ്പ് ആവിഷ്ക്കരിക്കാൻ പ്രേരണയായത്. സോഷ്യൽ ഓഡിറ്റിംഗും പ്രാദേശിക വിജിലൻസ് സംവിധാനവും തദ്ദേശ സ്ഥാപനങ്ങൾ ഗൗരവത്തോടെ കാണാതെ വന്നതാണ് ചിലയിടങ്ങളിലെങ്കിലും ക്രമക്കേടിന് കാരണമായത്. 2021 മേയ് 21 - നാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം എൻ.എം.എം.എസ്.ആപ്പ് പദ്ധതിയുടെ ഭാഗമാക്കിയത്. അടുത്ത കാലത്താണ് ഇത് നിർബന്ധമാക്കിയത്.

ആപ്പിന്റെ സങ്കീർണ്ണതകൾ പരിഹരിക്കുന്നതിന് മേറ്റുമാർക്ക് ആവശ്യമായ പരിശീലനം നൽകും.

അപ്‌ലോഡ് ആകാതെ വരുന്ന സാഹചര്യത്തിൽ ഹാജരും വേതനവും നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ പുനപരിശോധനാ സംവിധാനം നിലവിലുണ്ട്.

ജെ.പി.സി,

എൻ.ആർ.ഇ.ജി.എസ്,കൊല്ലം