kunnathoor-
പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തോട് ചേർന്ന പാടശേഖരങ്ങളിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം

കുന്നത്തൂർ: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തോട് ചേർന്ന പാടശേഖരങ്ങളിൽ കൊയ്ത്തുത്സവത്തിന് തുടക്കമായി.11 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന പാടത്ത് ക്ഷേത്ര ഭരണ സമിതിയാണ് കൃഷിയിറക്കിയത്. ഇത് രണ്ടാംഘട്ടമാണ് വെൺകുളം ഏലായിൽ മലനട ദേവസ്വം നെൽക്കൃഷി നടത്തുന്നത്. യന്ത്ര സഹായത്തോടെ ദിവസങ്ങൾ കൊണ്ട് വിളവെടുപ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൊയ്തെടുക്കുന്ന നെല്ല് 'ദുര്യോധന റൈസ്' എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കാനാണ് തീരുമാനം.

കൃഷി വൻ വിജയം

ക്ഷേത്രത്തോട് ചേർന്നുള്ള ഏക്കറുകണക്കിന് പാടശേഖരം കൃഷി ചെയ്യാതെ തരിശിട്ട് കിടന്നതിനെ തുടർന്നാണ് ദേവസ്വം ഭരണസമിതി നെൽക്കൃഷി എന്ന ആശയവുമായി രംഗത്തെത്തിയത്. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള വയലുകൾക്കൊപ്പം തരിശിട്ട് കിടന്ന സ്വകാര്യവ്യക്തികളുടെ പാടങ്ങൾ കൂടി വാങ്ങിയാണ് കൃഷിയിറക്കിയത്. തുടക്കത്തിൽ തന്നെ കൃഷി വൻ വിജയമായി മാറി. തുടർന്നാണ് ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് മാറ്റിവച്ച ശേഷം ബാക്കിയുള്ളവ ബ്രാൻഡഡ് അരിയായി വിൽക്കാൻ തീരുമാനിച്ചത്.ക്ഷേത്രം ഭരണ സമിതിയുടെ നേതൃത്വത്തിൽ ഉത്സവാന്തരീക്ഷത്തിലാണ് കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നടന്നത്.