ആയൂർ: യുവ അഭിഭാഷക ഐശ്വര്യയെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് ഭർത്താവിന്റെ ക്രൂരമായ പീഡനം. ഭർത്താവ് കണ്ണൻനായർ നിസാര കാര്യങ്ങൾക്ക് വഴക്കുണ്ടാക്കുകയും മർദ്ദിയ്ക്കുകയും ചെയ്യുന്ന ആളായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ സ്വന്തം സഹോദരിയെയും ഭിന്നശേഷിക്കാരിയായ അമ്മയെയും മുത്തശ്ശിയെയും ഇയാൾ ഉപദ്രവിയ്ക്കുമായിരുന്നെന്ന് സ്ഥലവാസികൾ പറയുന്നു. വിവരണാതീതമായ ക്രൂരതയാണ് ഐശ്വര്യ നേരിട്ടതെന്ന് ഐശ്വര്യയുടെ ഡയറി പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

എൽ.എൽ.എം ഫസ്റ്റ് ക്ലാസോടെ പാസായ ഐശ്വര്യ നിയമ അദ്ധ്യാപിക ആകാനാണ് ആഗ്രഹിച്ചത്. എന്നാൽ ഐശ്വര്യ ജോലിയ്ക്ക് പോകുന്നത് കണ്ണൻനായർ തടഞ്ഞിരുന്നു. പ്രാക്ടീസ് ചെയ്യാനും അനുവദിച്ചില്ല. വീട്ടിലിരുന്ന് അസൈൻമെന്റ് തയ്യാറാക്കി കൊടുക്കുമ്പോൾ കിട്ടിയിരുന്ന പണവും അപ്പോൾത്തന്നെ കണ്ണൻനായരെ ഏൽപ്പിയ്ക്കണമായിരുന്നു.100 രൂപ പോലും ഐശ്വര്യയുടെ അക്കൗണ്ടിൽ ഇടാൻ അനുവദിച്ചിരുന്നില്ല.

സ്വന്തം അമ്മയോട് സംസാരിയ്ക്കുമ്പോഴും സ്പീക്കർ ഓൺ ചെയ്ത് മാത്രമേ സംസാരിയ്ക്കാൻ അനുവദിച്ചിരുന്നുള്ളു. പീഡനവിവരം അന്വേഷിയ്ക്കാൻ എത്തിയ ഐശ്വര്യയുടെ സഹോദരനെയും കണ്ണൻനായർ മർദ്ദിച്ചിട്ടുണ്ട്. മകൾ ജാനകിയുടെ ഒന്നാം പിറന്നാൾ ദിവസവും അക്രമം കാണിയ്ക്കുകയും ഐശ്വര്യയെ മർദ്ദിയ്ക്കുകയും ചെയ്തു. കഴിഞ്ഞ 15നാണ് ഭർത്തൃഗൃഹമായ ചടയമംഗലം മേടയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഐശ്വര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കോടതിയിൽ ഹാജരാക്കിയ കണ്ണൻനായരെ റിമാൻഡ് ചെയ്തു.