കൊല്ലം: ചാതുർവർണ്യവും സവർണ ഹിന്ദുത്വവും അടിച്ചുപുറത്താക്കി ഹീന ജന്മങ്ങളെ മനുഷ്യാന്തസിലേക്ക് കൈപിടിച്ച് നടത്തുകയും ഉയർത്തുകയും ചെയ്ത കാലപുരുഷൻ എന്ന നിലയ്ക്ക് ശ്രീനാരായണ ഗുരുദേവനെ മനുഷ്യകുലവും ചരിത്രവും ലോകാവസാനം വരെ ഓർക്കുമെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ പറഞ്ഞു. ഗുരുദേവന്റെ സമാധി ദിനാചരണത്തോടനുബന്ധിച്ച് ശ്രീനാരായണ വനിത കോളേജിൽ നടന്ന പ്രാർത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ അദ്ധ്യക്ഷനായി. കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മഹിമ അശോകൻ, എസ്.സുവർണകുമാർ, ജി.രാജ് മോഹൻ, പ്രമോദ് കണ്ണൻ, പട്ടത്താനം സുനിൽ, ഓഫീസ് സൂപ്രണ്ട് സിജാനാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് മ്യൂസിക് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനയും അന്നദാനവും നടന്നു.