1-
മാങ്കോട് ജംഗ്‌ഷന് സമീപത്തെ റോഡ്

പത്തനാപുരം: കൊല്ലം- പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഇളമണ്ണൂർ- കലഞ്ഞൂർ- മാങ്കോട് ​പാടം റോഡിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 4 വർഷം പിന്നിട്ടിട്ടും പ്രാരംഭ ഘട്ടം പോലും പൂർത്തിയായില്ല. 12 കി.മീറ്റർ നീളമുള്ള റോഡിനായി 22 കോടി രൂപയാണ് വകയിരുത്തിയത്. 2020ൽ പൂർത്തീകരിക്കാനുള്ള കരാറാണ് നല്കിയതെങ്കിലും കുടിവെള്ള പദ്ധതിക്കായി പൈപ്പിടൽ ജോലികളുണ്ടായിരുന്നതിനാൽ പറഞ്ഞിരുന്ന സമയത്ത് പണി പൂർത്തിയാക്കാൻ കഴിയില്ലെന്ന് കരാറുകാരൻ അറിയിച്ചിരുന്നു. എന്നാൽ പൈപ്പിടൽ 2019ൽ പൂർത്തിയായിട്ടും നിർമ്മാണ പ്രവൃത്തികൾ നടത്താൻ കരാറുകാരൻ തയാറായില്ല.

മഴയത്ത് റോഡ് ചെളിക്കുളം

വീതികൂട്ടലും മൺവേലകളും പൂർത്തിയാകുകയും ചിലയിടത്ത് ഒന്നാം ഘട്ട ടാറിംഗും നടത്തിയെങ്കിലും പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. അതോടെ പാതയിലൂടെയുള്ള ഗതാഗതം പൂർണമായി ദുരിതത്തിലായിട്ടുണ്ട്. റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് സർവീസ് ബസുകൾ ട്രിപ്പുകൾ മുടക്കുന്നതും പതിവായി. മഴയത്ത് റോഡ് ചെളിക്കുളമാകുന്നതും വേനലിൽ പൊടി ശല്യമുണ്ടാകുന്നതും നാട്ടുകാരെവലയ്ക്കുകയാണ്.

ഇളമണ്ണൂർ- കലഞ്ഞൂർ- മാങ്കോട് ​പാടം റോഡ്

നിർമാണം ആരംഭിച്ചത്: 2018ൽ

ദൂരം: 12 കി.മീറ്റർ

അനുവദിച്ച തുക: 22 കോടി

പൂർത്തിയാകാനുള്ളത്

മാങ്കോട് ജംഗ്ഷൻ

മാങ്കോട് പാലത്തിന്റെ അപ്രോച്ച് റോഡ്

ഓടനിർമാണം

കലുങ്കുകൾ

ജംഗ്ഷനുകളിൽ തറയോടുകൾ പാകൽ

വശങ്ങളിൽ സംരക്ഷണഭിത്തിയും ക്രാഷ് ബാരിയർ


റോഡ് പണികൾ വേഗത്തിൽ പൂർത്തിയാക്കി നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അധികൃതർ ഇടപെടണം. - കെ.പി. രാജു, പൊതുപ്രവർത്തകൻ

അത്യാവശ്യ ഘട്ടങ്ങളിൽ വാടകയ്ക്ക് വാഹനം വിളിച്ചാൽ പോലും വരാത്ത സ്ഥിതിയായി. യാത്രാബസുകൾ ട്രിപ്പ് മുടക്കുന്നതും പതിവായിട്ടുണ്ട്.

മാങ്കോട് ഷാജഹാൻ, കേരള കോൺഗ്രസ് (എം), പൊതുപ്രവർത്തകൻ