കൊല്ലം: എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവന്റെ മഹാസമാധി ദിനം വിപുലമായി ആചരിച്ചു. ശാഖ അങ്കണത്തിൽ നടന്ന സമാധിദിന സമ്മേളനം കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എസ്.എൻ.ഡി.പി.യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഭദ്രദീപം പ്രകാശിപ്പിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ശാഖ പ്രസിഡന്റ് വി. മന്മഥൻ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി സജീവ് സ്വാഗതം ആശംസിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. പി. അരുൾ, ശാഖ കമ്മിറ്റി അംഗങ്ങളായ അനിൽ ശിവനാമം, പ്രസന്ന തമ്പി, അനിൽകുമാർ.ജെ തുടങ്ങിയവർ സംസാരിച്ചു. രാവിലെ ഗുരുദേവവിഗ്രഹത്തിന് മുന്നിൽ പുഷ്പാർച്ചന, പായസസദ്യ, ഗുരുദേവ പൂജ എന്നിവയും നടന്നു.