 
ചാത്തന്നൂർ: ജോ. കൗൺസിൽ അംഗങ്ങളായ ജീവനക്കാർക്കെതിരായി ആരോഗ്യമേഖലയിലെ ചിലർ പ്രവർത്തിക്കുന്നുവെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി. ഗോപകുമാർ പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെയുള്ള അന്യായ ശിക്ഷാനടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെയും കേരള ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് നടന്ന റാലിയും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാരാപ്പള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ സമാപിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സി.മനോജ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വിനോദ്, വൈസ് ചെയർപേഴ്സൺ എം.എസ്.സുഗതകുമാരി, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ജി.ജയകുമാർ, എൻ.കൃഷ്ണകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ, എ ഗ്രേഷ്യസ്, വി ശശിധരൻ പിള്ള, സി.പി.ഐ പരവൂർ മണ്ഡലം സെക്രട്ടറി ശ്രീകുമാർ പാരിപ്പള്ളി, കെ.ജി.എച്ച്.ഇ.എ സംസ്ഥാന സെക്രട്ടറി ജി.അജയകുമാർ, പ്രസിഡന്റ് കൊച്ചുത്രേസ്യ ജാൻസി, ജില്ലാ പ്രസിഡന്റ് കെ.ബിജു, ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ.ബി. അനു എന്നിവർ സംസാരിച്ചു.