1-
ഗോഡൗണിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ചിരിക്കുന്ന റേഷനരി

കൊല്ലം: അഞ്ചാലുംമൂട് പനയം അമ്പഴവയലിലെ സ്വകാര്യ ഗോഡൗണിൽ നിന്ന് 121 ചാക്ക് റേഷനരി പിടികൂടിയ സംഭവത്തിൽ തിരുവനന്തപുരം ചിറയിൻകീഴ് വക്കം മണക്കാട് വീട്ടിൽ ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 105 പ്ലാസ്റ്റിക് ചാക്കുകളിലും 16 റേഷൻ ചാക്കുകളിലുമായി സൂക്ഷിച്ചിരുന്ന അരിയാണ് അഞ്ചാലുംമൂട് പൊലീസ് എസ്.എച്ച്.ഒ സി. ദേവരാജന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 47 കിലോ ഗോതമ്പും കണ്ടെടുത്തെങ്കിലും റേഷൻ വിതരണത്തിലുള്ളതാണെന്നത് സ്ഥിരീകരിച്ചിട്ടില്ല.

പാവൂർ വയൽ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ഒമിനി വാനിൽ റേഷനരി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരി കണ്ടെത്തിയത്. റേഷൻ വിഹിതം വാങ്ങാത്തവരുടെ അരി പലയിടങ്ങളിൽ നിന്ന് ശേഖരിച്ച് ഗോഡൗണിലെത്തിക്കുകയും അവ പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള ചാക്കിലാക്കി കരിഞ്ചന്തയിൽ വിൽക്കുകയുമാണ് ഇവരുടെ രീതി. സപ്ലൈഓഫീസർ മോഹൻകുമാറിന്റെ നിർദ്ദേശപ്രകാരം റേഷൻ ഇൻസ്‌പെക്ടർമാരായ ബിനി, സുജി എന്നിവർ നടത്തിയ പരിശോധനയിൽ 95 ചാക്കിലുള്ളവ റേഷനരിയാണെന്ന് സ്ഥിരീകരിച്ചു.