കൊല്ലം: ജലഗതാഗത വകുപ്പിന്റെ സാമ്പ്രാണിക്കോടി- കാവനാട് ഫെറി ബോട്ട് സർവീസ് മുടക്കം പതിവാണെന്ന് നാട്ടുകാർ. കൊല്ലം സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന മറ്റ് രണ്ടുബോട്ടുകൾക്ക് ഏതെങ്കിലും അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നാൽ പകരം സർവീസിനായി ഫെറി ബോട്ട് ഉപയോഗിക്കുന്നതിനാലാണ് ട്രിപ്പുകൾ മുടങ്ങാൻ കാരണം. ചെറിയ അറ്റകുറ്റപ്പണികൾക്ക് പോലും ആലപ്പുഴയെ ആശ്രയിക്കേണ്ട അവസ്ഥയാണ് കൊല്ലത്തിനുള്ളത്. ഇതുകാരണം ദിവസങ്ങളോളം സർവീസ് മുടക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം പേഴുംതുരുത്ത് ബോട്ടിന്റെ ഗിയർ ബോക്സ് കേടായതിനെ തുടർന്ന് ഒന്നരദിവസത്തോളം ഫെറി ബോട്ടാണ് പകരം സർവീസ് നടത്തിയത്. പകരം ബോട്ട് ഏർപ്പെടുത്താൻ കഴിയാത്തതും അറ്റകുറ്റപ്പണികൾക്കായി സ്ഥിരം സംവിധാനമില്ലാത്തതും ബോട്ടിനെ ആശ്രയിക്കുന്ന യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല.

ഫെറി ബോട്ട് സർവീസ്

 ഇരുചക്രവാഹനം കയറ്റാൻ കഴിയുന്ന ബോട്ട് സർവീസ്

 തൃക്കരുവ, വന്മള, പ്രാക്കുളം, മണലിക്കട, അഷ്ടമുടി ഭാഗങ്ങളിലുള്ളവർക്ക് പ്രയോജനകരം

 നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിലേക്ക് 18 കിലോമീറ്റർ ലാഭം

 രാവിലെ അഞ്ചിന് ആരംഭിച്ച് രാത്രി 9.50ന് അവസാനിക്കുന്ന ട്രിപ്പുകൾ

 കാവനാടേക്ക് ദിവസേന 14 ട്രിപ്പുകൾ

കാണാതായ ജങ്കാർ

ആറുവർഷം മുമ്പ് ഇതേ റൂട്ടിൽ തൃക്കരുവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജങ്കാർ സർവീസ് ആരംഭിച്ചെങ്കിലും ഒരുമാസം പോലും തികച്ച് ഓടിയില്ല. ജങ്കാർ സർവീസ് കാരാറെടുത്തവരെ പിന്നീടാരും കണ്ടിട്ടുമില്ല. സാമ്പ്രാണിക്കോടി-​ കുരീപ്പുഴ പാലം നിർമാണത്തിനുള്ള പ്രാരംഭനടപടികൾ അവസാന ഘട്ടത്തിലാണ്. പാലം വരുന്നതുവരെയെങ്കിലും ജങ്കാർ സർവീസ് തുടരണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് അധികൃതർ മുഖംതിരിക്കുകയായിരുന്നു. യാത്രക്കാരുടെ ഏക ആശ്രയമായ ഫെറി ബോട്ട് സർവീസും ഇടയ്ക്കിടെ സർവീസ് മുടക്കുന്നതായി ആക്ഷേപമുണ്ട്.


''കൊല്ലം സ്റ്റേഷനിലെ യാത്രാബോട്ടുകൾക്ക് അ​റ്റകു​റ്റപ്പണി നടത്തണമെങ്കിൽ ആലപ്പുഴയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഏതെങ്കിലും ബോട്ടിന് അറ്റകുറ്റപ്പണിയുണ്ടായാൽ മുടങ്ങുന്നത് ഫെറി ബോട്ട് സർവീസാണ്. യാത്രക്കാർ പ്രതിഷേധിക്കുമ്പോൾ മാത്രമാണ് പിന്നീട് തിരികെയെത്തിക്കുന്നത് ''- യാത്രക്കാർ