1-
പൊളിഞ്ഞു കിടക്കുന്ന ഗുരുമന്ദിരം- പൂന്തലിൽ ഷാപ്പ് റോഡും ഒന്നരയടി ഉയരത്തിലുള്ള ഓടയുടെ ഉപരിതലവും

കൊല്ലം: കോട്ടയ്ക്കകം ഭാഗത്തെ രണ്ട് റോഡുകൾ അറ്റകുറ്റപ്പണികൾക്കായി പൊളിച്ചിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും പണികൾ നടത്താനോ പൂർത്തിയാക്കാനോ അധികൃതർ താത്പര്യം കാട്ടുന്നില്ല. കല്ലുകടവ്- കോട്ടമുക്ക് ഡോണ കാസിൽ, ഗുരുമന്ദിരം- പൂന്തലിൽ ഷാപ്പ് റോഡുകളാണ് അറ്റകുറ്റകുറ്റപണികളുടെ പേരിൽ പൊളിച്ചിട്ടത്. ഇരുറോഡുകളും വീതികുറവുള്ളവയാണ്. ഗുരുമന്ദിരം റോഡിന്റെ വശങ്ങളിൽ പുതുതായി നിർമ്മിച്ച ഓടയുടെ ഉപരിതലത്തിന് റോഡിൽ നിന്ന് ഒന്നരയടിയോളം ഉയരമുണ്ട്. ഇതുകാരണം എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയായി. കല്ലുകടവ് റോഡിൽ ചിലയിടത്ത് മെറ്റിൽ പാകിയെങ്കിലും അവ ഇളകി ചിതറിത്തെറിക്കുന്നതും അപകടമുണ്ടാക്കുന്നു. വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും ഇരുചക്രവാഹന യാത്രികർ മറിഞ്ഞ്‌വീണ് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്.

ഈ റോഡുകൾ ഒഴിവാക്കി കോട്ടയ്ക്കകം ഭാഗത്തേക്ക് യാത്രചെയ്യണെമെങ്കിൽ ലക്ഷ്മിനട, കല്ലുപാലം വഴിയാണ് സഞ്ചരിക്കേണ്ടത്. അതിന്റെ അവസ്ഥയും ദയനീയമാണ്. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപൊളിച്ചിട്ട് ആറുമാസത്തോളമായി. ലക്ഷ്മിനടയിൽ റോഡിന് കുറുകെ ഓടയുടെ നിർമാണവും നടക്കുന്നതിനാൽ അതുവഴിയുള്ള യാത്രയും ദുരിതപൂർണമാണ്. റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

'' കല്ലുകടവ്- കോട്ടമുക്ക് ഡോണ കാസിൽ, ഗുരുമന്ദിരം- പൂന്തലിൽ ഷാപ്പ് റോഡുകൾ വെട്ടിപൊളിച്ചിട്ടതിനെ തുടർന്ന് അപകടങ്ങൾ തുടർക്കഥയായി മാറി. യാത്രക്കാർക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടാകുന്നുണ്ട്. ബൈക്ക് മെറ്റിലിൽ കയറി യാത്രക്കാർക്ക് വീണ് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്.""- ടി.എസ്. ബാഹുലേയൻ, ജില്ലാ രക്ഷാധികാരി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ