nk
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് നൽകിയ സ്വീകരണം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർണാഭമായ സ്വീകരണം നൽകി. ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ടി. നസ്റുദ്ദീൻ സ്മാരക വ്യാപാരിമിത്ര പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് സമ്മാനിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് സംസ്ഥാന ഭാരവാഹികളെ എതിരേറ്റത്. തുടർന്ന് നടന്ന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനത്തിനായ ഒഴിപ്പിച്ച വ്യാപാരികൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകാതിരിക്കുന്നത് നീതീകരിക്കാനാകില്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. വസ്തു ഏറ്റെടുത്തതിനു മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകിയിട്ടുണ്ടെങ്കിലും ഒഴിപ്പിക്കപ്പെട്ടവർക്ക് 2013ലെ നിയമത്തിന് അനുസരിച്ചുള്ള നഷ്ടപരിഹാരമോ പുനരധിവാസ പദ്ധതിയോ കൃത്യതയോടെ നടപ്പാക്കിയിട്ടില്ല. നോട്ട് പിൻവലിക്കലിന്റെയും ജി.എസ്.ടി തിടുക്കത്തിൽ നടപ്പാക്കിയതിന്റെയും ദുരന്തം നേരിടേണ്ടി വന്നത് വ്യാപാരി സമൂഹമാണ്. ജനങ്ങളിൽ നിന്ന് നികുതി പിരിച്ചു സർക്കാരിൽ അടയ്ക്കുന്ന വ്യാപാരികളോടു ശത്രുതാ മനോഭാവത്തോടെയാണ് സർക്കാർ പെരുമാറുന്നത്. കല്ലുപാലം നിർമാണം പൂർത്തിയാകാത്തതും ചിന്നക്കടയിൽ അടിപ്പാത വന്നതും കമ്പോളത്തെ ഉപരോധത്തിൽ ആക്കിയെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജ അപ്സര വ്യാപാരി മിത്ര പുരസ്കാര സമർപ്പണവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ എ.കെ. തോമസ് കുട്ടി, വൈസ് പ്രസിഡന്റുമാരായ പി.സി.ജേക്കബ്, എ.ജെ. ഷാജഹാൻ, കെ.കെ. വാസുദേവൻ, കെ. അഹമ്മദ് ഷെരീഫ്, സെക്രട്ടറി പി.കെ. ബാപ്പു ഹാജി, സെക്രട്ടേറിയറ്റ് അംഗം എ.ജെ. റിയാസ് എന്നിവർക്കു സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോജോ. കെ.എബ്രഹാം, ട്രഷറർ എസ്. കബീർ, ബി. രാജീവ്, കെ. രാമഭദ്രൻ, നേതാജി ബി.രാജേന്ദ്രൻ, എസ്. നൗഷറുദ്ദീൻ, എൻ. രാജീവ്, എം.എം. ഇസ്മായിൽ, ആർ. വിജയൻപിള്ള, എ.കെ.ഷാജഹാൻ,എ. അൻസാരി, എ.നവാസ് പുത്തൻവീട്, എഫ്. ആന്റണി പാസ്റ്റർ, എസ്. രമേഷ് കുമാർ, ഡി. വാവച്ചൻ, ബി. പ്രേമാനന്ദ്, എ. ഷിഹാബുദീൻ, എ.കെ. ജോഹർ, ജോൺസൺ ജോസഫ്, ആർ ചന്ദ്രശേഖരൻ, ബി. വേണുഗോപാലൻ നായർ, പി.ആർ.രവികുമാർ, സുധീർ ചോയ്സ്, ഷൈലജാ ദേവി എന്നിവർ സംസാരിച്ചു.