കുന്നത്തൂർ : കുന്നത്തൂർ ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിൽ വളർത്തു നായ്ക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുരുത്തിക്കര പള്ളിമുക്കിൽ നിന്ന് കൊല്ലാറ ഭാഗത്തേക്ക് പോകുന്ന ഗ്രാമീണ പാതയിലാണ് വിദേശ ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കളെ ഉപേക്ഷിച്ചത്. ദിവസങ്ങൾക്ക് മുമ്പ് രാത്രിയിൽ വാഹനത്തിൽ എത്തിച്ചാണ് മുപ്പതോളം പിഞ്ചുകുട്ടികൾ പഠിക്കുന്ന അങ്കണവാടിക്ക് സമീപം ആക്രമണകാരികളായ നായ്ക്കളെ ഉപേക്ഷിച്ചത്. ഇതിനാൽ കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുന്നു. വയൽഭാഗമായ ഇവിടെ റബർ തോട്ടത്തിൽ മറഞ്ഞിരിക്കുന്ന നായ്ക്കൾ റോഡിലൂടെ നടന്നു പോകുന്നവരെ കാണുമ്പോൾ കടിക്കാനായി ചാടിവീഴുന്നത് പതിവാണ്.ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നവർക്ക് വീണ് പരിക്കേൽക്കുന്നു.പ്രദേശവാസിയായ രമണി എന്ന വീട്ടമ്മയ്ക്ക് വീഴ്ചയിൽ സാരമായി പരിക്കേറ്റിരുന്നു.പ്രദേശവാസികൾ കന്നുകാലികളെ കെട്ടുന്നതിനും തീറ്റ ശേഖരിക്കുന്നതിനും എത്തുന്ന ഭാഗത്താണ് നായകൾ തമ്പടിച്ചിരിക്കുന്നത്. ജനം ഭീതിയിലാണെന്നും അടിയന്തരമായി ആക്രമണകാരികളായ നായകളെ പിടികൂടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തംഗവും കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറുമായ റെജി കുര്യൻ ആവശ്യപ്പെട്ടു.