കൊല്ലം: തട്ടാമല ഇരവിപുരം ഗവ. വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിന് സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിട നിർമ്മാണം പ്രതിസന്ധിയിൽ. സ്ഥലം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും പി.ടി.എയും തമ്മിലുള്ള തർക്കമാണ് പ്രശ്നം.

സ്കൂൾ വളപ്പിൽ ഓഡിറ്റോറിയവും നിലവിലെ വി.എച്ച്.എസ്.ഇ ബ്ലോക്കും നിലനിൽക്കുന്നിടത്ത് പുതിയ കെട്ടിടം നിർമ്മിക്കാനായിരുന്നു പി.ടി.എയും എം.എൽ.എയും ആദ്യം നിർദ്ദേശിച്ചത്. രൂപരേഖ തയ്യാറാക്കാൻ സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഈ സ്ഥലത്ത് കെട്ടിടം നിർമ്മിച്ചാൽ വായു സഞ്ചാരം കുറയുമെന്ന് പറഞ്ഞു. പകരം ഹൈസ്കൂൾ വിഭാഗം സ്ഥിതി ചെയ്യുന്നിടത്തെ ഗ്രൗണ്ടിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചു. ഇത് സ്കൂളിലെ കളിക്കളം ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തി.

വി.എച്ച്.എസ്.ഇ രണ്ട് ബാച്ചുകൾക്കായി നാല് ക്ലാസ് മുറികളേയുള്ളു. ലാബിന് പ്രത്യേകിച്ച് ഇടമില്ല. അതുകൊണ്ട് തന്നെ ക്ലാസ് മുറിയിൽ തന്നെയാണ് ലാബ് പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് സമീപം പുതിയ കെട്ടിടം നിർമ്മിക്കാനുള്ള രൂപരേഖയ്ക്ക് ഉടൻ സാങ്കേതികാനുമതി ലഭിക്കുമെന്നും വൈകാതെ ടെണ്ടർ ചെയ്ത് നിർമ്മാണത്തിലേക്ക് കടക്കുമെന്നും എം.നൗഷാദ് എം.എൽ.എയുടെ ഓഫീസ് പറഞ്ഞു.