 ജി.എ.ഡിക്ക് റെയിൽവേയുടെ അംഗീകാരം

കൊല്ലം: റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണ പദ്ധതികളുടെ പ്രധാന കടമ്പ കടന്ന് കൂട്ടിക്കട ആർ.ഒ.ബി. ജനറൽ അറെയ്ഞ്ച്മെന്റ് ഡ്രായിംഗിന് റെയിൽവേ കഴിഞ്ഞദിവസം അനുമതി നൽകി.

ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള എസ്.എൻ കോളേജ് ആർ.ഒ.ബി അടക്കം ജില്ലയിലെ പല ഓവർബ്രിഡ്ജ് പദ്ധതികൾക്കും അനുമതി ലഭിക്കാതിരിക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് രൂപരേഖ തയ്യാറായ കൂട്ടിക്കട ഓവർബ്രി‌ഡ്ജിന്റെ ജി.എ.ഡിക്ക് അതിവേഗം അനുമതി ലഭിച്ചിരിക്കുന്നത്.

ഓവർബ്രിഡ്ജിന്റെ റെയിൽ പാളത്തിന് മുകളിൽ വരുന്ന ഭാഗത്തെ രൂപരേഖയാണ് ജി.എ.ഡി. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ഓവർബ്രി‌ഡ്ജുകളുടെ ജി.എ.ഡി ആഴത്തിൽ പരിശോധിച്ച ശേഷമേ റെയിൽവേ അനുമതി നൽകാറുള്ളു. നിർവഹണ ഏജൻസികൾ തയ്യാറാക്കുന്ന രൂപരേഖയിൽ റെയിൽവേ പലതരത്തിലുള്ള ഭേദഗതികൾ നിർദ്ദേശിക്കാറുമുണ്ട്.

ഇത്തരത്തിൽ കാര്യമായ കാലതാമസം ഇല്ലാതെയാണ് കൂട്ടിക്കട ആർ.ഒ.ബിയുടെ ജി.എ.ഡിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് പദ്ധതി നിർവഹണ ഏജൻസി.

സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക്

1. ഓവർബ്രിഡ്ജ് നിർമ്മാണത്തിന് സ്ഥലമേറ്റെടുപ്പ് ഉടൻ

2. ആർ.ബി.ഡി.സി.കെ- റവന്യൂ വകുപ്പ് സംയുക്ത സംഘം ഏറ്റെടുക്കുന്ന പ്രദേശത്ത് കല്ലുകൾ സ്ഥാപിക്കും

3. ഇതിന് ശേഷം ഭൂമിയുടെ സർവേ നമ്പരും അളവും തയ്യാറാക്കൽ

4. ഇതിനൊപ്പം സാമൂഹ്യാഘാത പഠനം

5. വില നിശ്ചയിച്ച് നഷ്ടപരിഹാരം വിതരണം ചെയ്ത് സ്ഥലം ഏറ്റെടുക്കൽ

ഓവർ ബ്രിഡ്ജ് ഇങ്ങനെ

തട്ടാമല - കൂട്ടിക്കട റോഡിൽ തുടങ്ങി കൂട്ടിക്കട - തിരുമുക്ക് റോഡിൽ അവസാനിക്കുന്ന തരത്തിലാണ് ഓവർബ്രിഡ്ജ്. അപ്രോച്ച് റോഡും ഉണ്ടാകും. നിലവിലെ ലെവൽക്രോസിൽ നിന്ന് തട്ടാമല ഭാഗത്തേക്ക് മാറിയാണ് ഓവർബ്രിഡ്ജ് റെയിൽവേ ലൈയ‌്നിനെ മറികടക്കുന്നത്.

ആകെ നീളം - 462.811 മീറ്റർ

വീതി - 10.2 മീറ്റർ

കിഫ്ബി അനുവദിച്ചത് - ₹ 52.24 കോടി

നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കാൻ ഏകദേശം ഒന്നരവർഷമെങ്കിലും വേണ്ടിവരും. ഇതിന് ശേഷമേ നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ ആരംഭിക്കൂ.

റെയിൽവേ അധികൃതർ