കൊട്ടാരക്കര: പുനലൂർ- ഗുരുവായൂർ ട്രെയിൻ സർവീസ് മധുരയിലേക്ക് നീട്ടണമെന്ന ദക്ഷിണ റയിൽവേയുടെ തീരുമാനം ഉടൻ നടപ്പാക്കണമെന്ന് കൊല്ലം-ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.

2020 മുതൽ എല്ലാ ദക്ഷിണ റെയിൽവേ ടൈംടേബിൾ കമ്മിറ്റികളിലും പരിഗണനയ്ക്ക് വന്നിട്ടുള്ള നി‌ർദ്ദേശങ്ങൾ നടപ്പാക്കണം. ഇക്കാര്യത്തിൽ റെയിൽവേ ബോർഡ് കാട്ടുന്ന നിസംഗതയും മെല്ലെപ്പോക്കും അവസാനിപ്പിച്ച് അടുത്ത മാസം പുറത്തിറങ്ങുന്ന റെയിൽവേ ടൈം ടേബിളിൽ ഗുരുവായൂർ പുനലൂർ മധുര എക്സ്‌പ്രസ് സമയക്രമം നിശ്ചയിച്ച് സർവീസ് ആരംഭിക്കണം. അതോടൊപ്പം സഞ്ചാരികൾക്ക് പശ്ചിമഘട്ട മലനിരകളുടെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനായി റെയിൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ട്രെയിനിൽ വിസ്റ്റാഡോം കോച്ചും ഘടിപ്പിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

നിലവിൽ പ്രതിവാര സ്പെഷൽ ട്രെയിനായി ഓടിക്കുന്ന എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് പ്രതിദിന സർവീസ് ആക്കണം.തിരുനെൽവേലിയിൽ നിന്നു ഗോവയിലെ മഡ്ഗാവിലേക്ക് ഒരു പ്രതിവാര എക്സ്പ്രസ്സ് ട്രെയിൻ ആരംഭിക്കണമെന്നും പുതുതായി ആരംഭിക്കുന്ന മയിലാടു തുറൈ-ചെങ്കോട്ട സർവീസ് കൊല്ലം വരെ നീട്ടണമെന്നും കൊല്ലം - ചെങ്കോട്ട പാസഞ്ചറിന്റെ സമയക്രമം പുനക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.എൻ.ചന്ദ്രമോഹനൻ അദ്ധ്യക്ഷനായിരുന്നു. എൻ.ബി.രാജഗോപാൽ, ദീപു രവി, അജീഷ് പുന്നല എന്നിവർ സംസാരിച്ചു.

യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എൻ.ചന്ദ്രമോഹനൻ അദ്ധ്യക്ഷനായി. എൻ.ബി.രാജഗോപാൽ, ദീപു, അജീഷ് പുന്നല എന്നിവർ സംസാരിച്ചു.