palli
ഹർത്താലിനെ തുടർന്ന് വിജനമായ പള്ളിമുക്ക് ജംഗ്‌ഷൻ

പൊലീസുകാർക്കും ബസ് ഡ്രൈവർക്കും പരിക്ക്

അഞ്ച് ട്രാൻ. ബസുകൾ എറിഞ്ഞുതകർത്തു

കൊല്ലം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയിൽ പരക്കെ അക്രമം. സ്വകാര്യ വാഹനങ്ങളടക്കം തടയുകയും നിർബന്ധ ബുദ്ധിയോടെ കടകൾ അടയ്ക്കുകയും ചെയ്തു. ജില്ലയിൽ അഞ്ചോളം കെ.എസ്.ആർ.ടി.സി ബസുകൾ എറിഞ്ഞു തകർത്തു. കൊല്ലം സി​റ്റി പൊലീസ് പരിധിയിൽ വിവിധ അക്രമ പ്രവർത്തനങ്ങൾക്കെതിരെ 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും 12 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും ഹാജർ നില കുറവായിരുന്നു. ജില്ലയിൽ വ്യാപകമായി കടകമ്പോളങ്ങൾ ഭീഷണിപ്പെടുത്തി അടപ്പിച്ചു. പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ വാഹനം തടയുന്നത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്‌ത്തി. ഇരവിപുരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്റണി, എ. ആർ ക്യാമ്പിലെ സി.പി.ഒ നിഖിൽ എന്നിവർക്ക് ഗുരുതര പരിക്കേറ്റത്.

# ട്രാൻ. ബസുകൾ തകർത്തു

ഹർത്താലിനിടെയുണ്ടായ കല്ലേറിനിടെ ജില്ലയിൽ അഞ്ച് ബസിന് കേടുപാട് പ​റ്റി. വ്യാപകമായി കല്ലേറുണ്ടായതോടെ പൊലീസ് സുരക്ഷയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തിയത്. രാവിലെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ മലപ്പുറം ഡിപ്പോയിലെ ബസും കുളത്തൂപ്പുഴയിൽ നിന്ന് കൊല്ലത്തേക്കു വന്ന കുളത്തൂപ്പുഴ ഡിപ്പോയിലെ ബസും അയത്തിൽ വച്ച് തകർത്തു. കല്ലേറിൽ മുൻഗ്ലാസ് പൊട്ടിയെങ്കിലു. ജീവനക്കാരും യാത്രക്കാർക്കും പരിക്കേറ്റില്ല. ചടയമംഗലം ഡിപ്പോയിലെ അഞ്ചൽ ബസിന്റെ പിൻഭാഗത്തെ ഗ്ലാസ് കരിങ്ങന്നൂരിന് സമീപം ​താന്നിമൂട് ജംഗ്‌ഷനിൽ ബൈക്കിൽ എത്തിയ സമരാനുകൂലികൾ കല്ലെറിഞ്ഞു തകർത്തു. പകൽ 1.30ന് പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ വിതുര ഡിപ്പോയിലെ ബസിന് കരവാളൂരിൽ വച്ച് കല്ലേറുണ്ടായി. സ്‌കൂട്ടറിലെത്തിയവർ എറിഞ്ഞ കല്ലിൽ മുൻഗ്ലാസ്സ് തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലയിൽ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല

# 164 പേർ അറസ്റ്റിൽ

ഹർത്താലിൽ പൊതു ഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്ന് അക്രമ പ്രവർത്തനങ്ങൾ നടത്തിയതിനും സിറ്റി പൊലീസ് 14 കേസുകൾ രജിസ്റ്റർ ചെയ്തു. 12 പേരെ കരുതൽ തടങ്കലിലാക്കി. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 5 കേസുകൾ രജിസ്​റ്റർ ചെയ്യുകയും 7 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. കരുനാഗപ്പള്ളി, ചവറ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വീതം കേസുകളും കൊല്ലം ഈസ്​റ്റ്, ഓച്ചി​റ, അഞ്ചാലുംമൂട്, കൊട്ടിയം, കണ്ണനല്ലൂർ എന്നീ പരിധികളിൽ ഓരോ കേസുകൾ വീതവും രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ഹർത്താലിന്റെ ഭാഗമായി നടന്ന നിയമവിരുദ്ധ അക്രമ പ്രവർത്തനങ്ങളിൽ 164 പേരുടെ അറസ്​റ്റ് രേഖപ്പെടുത്തി.