 
പുനലൂർ: പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ഹർത്താലിൽ പുനലൂരിൽ ചരക്ക് ലോറികൾക്ക് നേരെ കല്ലേറ്. ഇരുചക്ര വാഹനങ്ങളിലെത്തിയ പ്രവർത്തകരാണ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചരക്കുമായെത്തിയ മൂന്ന് ലോറികളുടെ മുൻഭാഗത്തെ ഗ്ലാസുകൾ എറിഞ്ഞ് തകർത്തത്. ഇടമൺ, വെള്ളിമല എന്നീ സ്ഥലങ്ങൾക്ക് പുറമെ പുനലൂർ ടി.ബി.ജംഗ്ഷന് കിഴക്ക് ഭാഗത്ത് വച്ചുമാണ് ചരക്ക് ലോറിക്ക് നേരെ അക്രമണം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം. പുനലൂർ ടൗണിൽ പ്രകടനം നടത്തിയ ശേഷം പിരിഞ്ഞുപോയവരിൽ ചിലരാണ് അക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ ഇവർ സഞ്ചരിച്ചിരുന്ന പ്രദേശങ്ങളിലെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ച് വരികയാണ്. കാര്യറ സ്വദേശികളായ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിവിധ സംഭവങ്ങളിൽ രണ്ട് കേസ് എടുത്തതായും പൊലീസ് അറിയിച്ചു.
പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പൊലീസ് സംരക്ഷണയിൽ ബസ് സർവീസ് നടത്തി. എന്നാൽ സ്വകാര്യ ബസുകൾ ഓടിയില്ല. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. രാവിലെ തുറന്ന് പ്രവർത്തിച്ച ബാങ്കുകൾ, ചില സർക്കാർ ഓഫീസുകൾ, വ്യാപാരശാലകൾ തുടങ്ങിയവയെല്ലാം അടപ്പിച്ചു. ഹർത്താൽ കണക്കിലെടുത്ത് പുനലൂർ ഡിവൈ.എസ്.പി ബി.വിനോദിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.