 
പുനലൂർ: കരവാളൂരിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്. ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. വിതുര സ്വദേശി പി.രാജേഷിന്റെ കണ്ണിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1.50ഓടെ കരവാളൂർ കനാൽ പാലത്തിന് സമീപത്തായിരുന്നു സംഭവം. പത്തനംതിട്ടയിൽ നിന്ന് പുനലൂരിൽ എത്തിയ ബസ് പൊലീസ് സംരക്ഷണയിൽ തിരുവനന്തപുത്തേക്ക് പോകുന്നതിനിടെയാണ് ഹർത്താൽ അനുകൂലികൾ ബസിന്റെ മുന്നിലെ ഗ്ലാസിന് നേരെ കല്ലെറിഞ്ഞത്. ഉടഞ്ഞ ഗ്ലാസിന്റെ ചില്ല് തെറിച്ച് ഡ്രൈവറുടെ കണ്ണിൽ വീഴുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് ഉച്ചയ്ക്ക് 12ന് പുനലൂർ ഡിപ്പോയിൽ എത്തിയ ബസ് പൊലീസ് സംരക്ഷണയിലായിരുന്നു പുറപ്പെട്ടതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. എന്നാൽ പുനലൂരിൽ നിന്ന് ബസ് പൊലീസ് സംരക്ഷണമില്ലാതെയാണ് കടന്ന് പോയതെന്ന് പൊലീസ് അറിയിച്ചു.