 
കൊട്ടാരക്കര: പോപ്പുലർഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ കൊട്ടാരക്കരയിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും ബാങ്കുകളുമടക്കം പ്രവർത്തിച്ചില്ല. പൊലീസ് കാവലിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്തിയതിനാൽ യാത്രക്കാർക്ക് കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ടായിരുന്നു. രാവിലെ മുസ്ളീം സ്ട്രീറ്റിൽ നിന്ന് ഹർത്താൽ അനുകൂലികൾ പ്രകടനം ആരംഭിച്ചു. ടൗൺ ചുറ്റിയ പ്രകടനം ശാന്തമായിരുന്നു. ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
പുത്തൂർ: പുത്തൂരിൽ ഹർത്താൽ പൂർണമായി. കട കമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. പട്ടണത്തിൽ പൊതുവെ ആളുകൾ ഒഴിഞ്ഞ നിലയിലായിരുന്നു. കൊട്ടാരക്കര- ശാസ്താംകോട്ട റോഡിൽ നിർമ്മാണ ജോലികളും ഹർത്താൽ ദിനത്തിൽ തുടങ്ങിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ സാന്നിദ്ധ്യമില്ലാത്ത പട്ടണമായതിനാൽ പ്രകടനമുണ്ടായില്ല. പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യയനം നടന്നു.