
പോപ്പുലർ ഫ്രണ്ടുകാരൻ രക്ഷപ്പെട്ടു
കൊല്ലം: വാഹനയാത്രക്കാരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ബുള്ളറ്റ് ഇടിച്ചുകയറ്റിയത്. ഇരവിപുരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്റണി, കൊല്ലം എ.ആർ ക്യാമ്പിലെ സി.പി.ഒ നിഖിൽ എന്നിവർക്ക് സാരമായി പരിക്കേറ്റു.
കണ്ണിന്റെ താഴെ അസ്ഥിക്ക് പൊട്ടലേറ്റ ആന്റണിയെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിഖിലിന്റെ കാലിനാണ് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് കൂട്ടിക്കട ഷംനാദ് മൻസിലിൽ ഷംനാദിനെതിരെ കേസെടുത്തു. ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 8ന് പള്ളിമുക്കിലായിരുന്നു സംഭവം.
ബസിന് കല്ലേറുണ്ടായതറിഞ്ഞ് തട്ടാമലയിൽ പോയി ബൈക്കിൽ മടങ്ങുകയായിരുന്നു പട്രോളിംഗ് സംഘം. പള്ളിമുക്കിൽ യാത്രക്കാർക്ക് നേരെ അക്രമ ശ്രമമെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് അവിടെ എത്തിയത്. ഈ സമയം എതിരെ പൊലീസ് ജീപ്പുകണ്ട ഷംനാദ് ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ആന്റണിക്കും നിഖിലിനും നേർക്ക് ബുള്ളറ്റ് ഇടിച്ചുകയറ്റിയ ശേഷം ഓടിച്ചുപോവുകയായിരുന്നു
ബുള്ളറ്റിന്റെ നമ്പർ തിരിച്ചറിഞ്ഞ് പൊലീസ് ഷംനാദിന്റെ വീട്ടിലെത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് ബുള്ളറ്റ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഷംനാദ് കമ്മിഷണറെ വിളിച്ച് തന്റെ വാഹനം അനാവശ്യമായി കൊണ്ടുപോയെന്ന് പരാതിപ്പെട്ടു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് ഷംനാദിനെ കണ്ടെത്താൻ ശ്രമം തുടങ്ങിയെങ്കിലും ഫോൺ സ്വീച്ച് ഓഫ് ചെയ്ത് രക്ഷപ്പെട്ടു.