കൊല്ലം: നഗരസഭാ കൗൺസിൽ യോഗത്തിൽ തെരുവ് വിളക്കുകളെ ചൊല്ലി കലഹം. ഓണത്തിന് മുമ്പ് എല്ലാ ഡിവിഷനിലും വിളക്കുകൾ തെളിക്കുമെന്ന മേയറുടെ ഉറപ്പിനെ ചൊല്ലിയായിരുന്നു വാദപ്രതിവാദം.

ഓരോ ഡിവിഷനിലും അനുവദിച്ച വിളക്കുകളുടെ എണ്ണം മരാമത്ത് കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനായ ഉദയകുമാർ വ്യക്തമാക്കുമ്പോഴാണ് കണക്കിൽ കള്ളക്കളിയെന്ന ആരോപണവുമായി പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റത്. ഓരോ ഡിവിഷനിലും അനുവദിച്ച എണ്ണം പറയുമ്പോൾ ഭരണകക്ഷി അംഗങ്ങളും എതിർപ്പുമായി രംഗത്തെത്തി. മുൻ മേയറും നഗരാസൂത്രണ സമിതി അദ്ധ്യക്ഷയുമായ ഹണിയുടെ ഡിവിഷനിൽ 32 ലൈറ്റ് ഇട്ടുവെന്ന് ഉദയകുമാർ അവകാശപ്പെട്ടപ്പോൾ കണക്കിൽ വ്യക്തത വേണമെന്ന നിർദേശവുമായി ഹണി രംഗത്തെത്തി. 26 ലൈറ്റുകൾ മാത്രമാണ് ഇട്ടതെന്നും 32 കണക്ക് ആരു തന്നുവെന്നും ഹണി ചോദിച്ചു.

വി.എസ്.പ്രിയദർശൻ, ബി.സാബു, സുനിൽ ജോസ്, അഭിലാഷ് തുടങ്ങി ഭരണ പ്രതിപക്ഷ അംഗങ്ങളും കണക്കിലെ കള്ളക്കളിക്കെതിരെ രംഗത്തെത്തി. ഇതിനിടിയിൽ കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫും മേയറും തമ്മിൽ വലിയ വാഗ്വാദം ഉണ്ടായി. തെരുവ് വിളക്കുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തന്ന കണക്കാണ് താൻ പറഞ്ഞതെന്ന് ഉദയകുമാർ മറുപടി പറഞ്ഞു. 14 ദിവസം കൊണ്ട് 22 ഡിവിഷനുകളിൽ വിളക്കുകൾ സ്ഥാപിച്ചു. ഉദ്യോഗസ്ഥരിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും വിളക്കിന്റെ വിഷയത്തിൽ കരാറിൽ ആവശ്യമായ ഭേദഗതി വരുത്തി ഇനിയൊരു പരാതി വരാത്തക്ക വിധം നടപടിയുണ്ടാകുമെന്നും മേയർ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

കുടുംബശ്രീ അക്കൗണ്ടിൽ ക്രമക്കേട് ആരോപണം

നഗരസഭയിലെ ആലാട്ട് ഡിവിഷനിലെ കുടുംബശ്രീ അക്കൗണ്ടിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി. ഗിരീഷ് രംഗത്തെത്തി. 20000 രൂപയ്ക്ക് മേൽ പണം പിൻവലിക്കുന്നതിന് പ്രത്യേക അനുമതി വേണമെന്നിരിക്കെയാണ് ലക്ഷക്കണക്കിന് രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത അംഗങ്ങളെ പാർട്ടി നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്നും ഗിരീഷ് പറഞ്ഞു. തെരുവ് വിളക്ക് പ്രശ്നത്തിൽ പൊതുജനങ്ങളെ നിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ കൗൺസിലർമാരുടെ ഡിവിഷനുകളോടുള്ള ചിറ്റമ്മ നയം അംഗീകരിക്കില്ലെന്നും ഗിരീഷ് പറഞ്ഞു.