canam
സി.പി.ഐയുടെ നേതൃത്വത്തിൽ കൊട്ടാരക്കര താഴത്തുകുളക്കടയിൽ നിർമ്മിച്ച സി.കെ.ചന്ദ്രപ്പൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കുന്നു. നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം, സത്യൻ മൊകേരി, കെ.പ്രകാശ് ബാബു, കെ.പി.രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ, മന്ത്രിമാരായ കെ.രാജൻ, ജെ.ചിഞ്ചുറാണി, പി.പ്രസാദ്, ജി.ആർ.അനിൽ, ഡെപ്യൂട്ടി സ്പീക്ക‌ർ ചിറ്റയം ഗോപകുമാർ എന്നിവർ സമീപം

കൊട്ടാരക്കര: പതിറ്റാണ്ടുകൾ കേരള രാഷ്ട്രീയം സജീവമായി ചർച്ചചെയ്ത പേരാണ് സി.കെ.ചന്ദ്രപ്പന്റേതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. താഴത്തുകുളക്കടയിൽ സി.പി.ഐ നിർമ്മിച്ച സി.കെ.ചന്ദ്രപ്പന്റെ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ വളർന്നുകൊണ്ടിരിക്കുന്ന പാർട്ടിയാണ്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കൂടുതൽപേർ സി.പി.ഐയിലേക്ക് കടന്നുവരുന്നുണ്ട്. പരമ്പരാഗത ശൈലിവിട്ട് പാർട്ടി കൂടുതൽ ശക്തമാകണം. ജനസേവാദളിന്റേതടക്കമുള്ള സേവനങ്ങൾ സമൂഹത്തിന് ലഭിക്കുന്നതിനായി പരിശീലനം നൽകേണ്ടതുണ്ട്. ഈ പാർട്ടിയാണ് ശരിയെന്ന് സമൂഹത്തിന് നല്ല ധാരണയുണ്ട്. യോജിപ്പിലൂടെ രാഷ്ട്രീയം വളർത്തുകയാണ് ലക്ഷ്യമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം സി.കെ.ചന്ദ്രപ്പൻ ഫോട്ടോ അനാഛാദനം ചെയ്തു. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം കെ.ആർ.ചന്ദ്രമോഹൻ പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ അംഗം ആർ.രമേശ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന അസി.സെക്രട്ടറിമാരായ കെ.പ്രകാശ് ബാബു, സത്യൻ മൊകേരി,ദേശീയ കൗൺലിൽ അംഗം എൻ.അനിരുദ്ധൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.രാജൻ, പി.പ്രസാദ്, ജി.ആർ.അനിൽ, ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സംഘാടക സമിതി കൺവീനർ ആർ.രാജേന്ദ്രൻ, മണ്ഡലം സെക്രട്ടറി എ.എസ്.ഷാജി എന്നിവർ സംസാരിച്ചു. റെഡ് വാളന്റിയർ പരേഡ്, ഇപ്റ്റയുടെ നാടൻപാട്ട്, കെ.പി.എ.സി.യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം എന്നിവയും നടന്നു.