ഏരൂർ: ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് പൊട്ടി മാസങ്ങളോളം വെള്ളം ഒഴുകി പോയാലും അറ്റകുറ്റപ്പണി നടത്താൻ ആളില്ല. പൈപ്പ് സ്ഥാപിയ്ക്കാനായി കുഴി എടുത്ത് പൈപ്പ് ഇട്ടാൽ അവിടം കോൺക്രീറ്റ് ഇട്ട് റോഡ് സുരക്ഷിതമാക്കാനും നടപടിയില്ല. ഏരൂരും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് ജലവിതരണ വകുപ്പും കരാറുകാരനും കൊടുക്കുന്ന എട്ടിന്റെ പണിയാണിത്. ഏരൂർ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കാനായി കുഴി എടുത്തിട്ടുണ്ട്. പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞാൽ മണ്ണ് മൂടി ഇട്ടിട്ട് കരാറുകാരൻ സ്ഥലം വിടും. ജല അതോറിട്ടിയുമായി ബന്ധപ്പെട്ടാൽ ഉടൻ കോൺക്രീറ്റ് ചെയ്യുമെന്ന് പറയും. പക്ഷേ നടപടി ഉണ്ടാകില്ല. നാട്ടുകാരാണ് ഈ കുഴികൾ കൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത്.
തിരിഞ്ഞ് നോക്കാതെ വാട്ടർ അതോറിട്ടി
പൈപ്പ് പൊട്ടുന്നത് വാട്ടർ അതോറിട്ടിയെ അറിയിച്ചാലും തിരിഞ്ഞ് നോക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.ഏരൂർ ഗവ.എൽ.പി.എസിന് സമീപം തെക്കേവയൽ ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിയുന്നു. പത്തടി സ്വാമിനാഥന്റെ വീടിന് സമീപം പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. കാഞ്ഞുവയൽ ജംഗ്ഷനിൽ സലിം സ്റ്റോഴ്സിന് മുൻവശത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആറുമാസമാകുന്നു. ഇതുവരെ നടപടിയില്ല. കരാറുകാരനെക്കുറിച്ചുള്ള പരാതികളും അനവധിയാണ്.നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിയ്ക്കുന്നതിനാലാണ് ഒരു വർഷം തികയും മുമ്പ് പൈപ്പ് പൊട്ടിപ്പൊകുന്നതെന്നാണ് ആക്ഷേപം. വീടുകളിൽ കണക്ഷൻ കൊടുക്കുന്ന വേളയിൽ പൈപ്പ് വാങ്ങി കൊടുക്കുവാൻ ആവശ്യപ്പെട്ടതായും ചിലർ പറയുന്നു.
വാട്ടർ അതോറിട്ടിയുടെയും കരാറുകാരന്റെയും ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഗൗരവമായി കാണണം. ഇത്തരം പ്രവണതകൾ അവസാനിപ്പിയ്ക്കാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണം.
കെ.സി.മുകുന്ദൻ
പൊതുപ്രവർത്തകൻ.