 
കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ മുതൽ നീണ്ടകര വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലും നിർമ്മിക്കുന്ന ഓടകൾ അശാസ്ത്രീയമാണെന്ന് ആക്ഷേപം. 120 സെ.മീ ഉയരത്തിലും 60 സെ.മീ വീതിയിലും പല റീച്ചുകളിലായാണ് ഓട നിർമ്മാണം പുരോഗമിക്കുന്നത്. ഓടയും റോഡും തമ്മിൽ ഉയര വ്യത്യാസമില്ലെങ്കിലും ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറും വശങ്ങളിൽ താഴ്ച കൂടുതലാകുന്നത് മഴക്കാലത്ത് വെള്ളകെട്ടുണ്ടാകാൻ കാരണമാകും. നിലവിൽ ദേശീയപാതയുടെ വശങ്ങളിലുള്ള പൊതുമരാമത്ത് വിഭാഗത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഓടകൾ ദേശീയപാതയിലെ പ്രധാന ഓടയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇടറോഡുകളിലെ മഴ വെള്ളം പ്രധാന ഓടയിലൂടെ ഒഴുകി മാറുന്നുണ്ട്. നിലവിലുള്ള നിർമ്മാണം ദേശീയപാതയിലെ വെള്ളം ഒഴുകിമാറാൻ മാത്രം ഉതകുന്നതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പ്രാരംഭ ഘട്ടമായതിനാൽ ഓട നിർമ്മാണത്തിലെ ന്യൂനതകൾ പരിഹരിക്കാനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മഴവെള്ളം കെട്ടികിടക്കും
നിലവിലെ ഓടകൾ കരുനാഗപ്പള്ളി ടൗണിനെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നു
പുതുതായി നിർമ്മിക്കുന്നത് ഇടറോഡുകളിലെ ഓടകളുമായി ബന്ധിപ്പിക്കുന്നില്ല
ദേശീയപാതയുടെ സമീപ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാൻ സാദ്ധ്യത
മഴക്കാലത്ത് വെള്ളമൊഴുകി പള്ളിക്കലാറ്റിലും തഴത്തോടുകളിലും പതിക്കാൻ തടസമാകും
വെള്ളക്കെട്ടിന് സാദ്ധ്യതയുള്ള സ്ഥലങ്ങൾ
ഓച്ചിറ, വവ്വക്കാവ് , പുതിയകാവ്, കരുനാഗപ്പള്ളി, ഇടപ്പള്ളികോട്ട, ചവറ, നീണ്ടകര
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ കരുനാഗപ്പള്ളിയിൽ ആരംഭിച്ചു. ഭൂനിരപ്പിൽ നിന്ന് ഉയരത്തിലൂടെയുള്ള നിർമ്മാണം സമീപ പ്രദേശങ്ങളെ വെള്ളക്കെട്ടിലാകും. താഴ്ചയുള്ള ഭാഗങ്ങൾ ഗ്രാവൽ ഇട്ട് ഉയർത്തണം.
എൻ. സുഭാഷ് ബോസ് , പൊതു പ്രവർത്തകൻ