melpalam-
നിർമ്മാണം പുരോഗമിക്കുന്ന മാളിയേക്കൽ മേൽപ്പാലത്തിൻ്റെ സ്ലാബ് കോൺക്രീറ്റ് പൂർത്തിയായ ഭാഗം

തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ ലെവൽ ക്രോസിൽ നിർമ്മാണം നടന്നു വരുന്ന റെയിൽവേ മേൽപ്പാലത്തിന്റെ പണികൾ അതിവേഗം പുരോഗമിക്കുന്നു.

പടിഞ്ഞാറുവശത്തെ 4 സ്പാനുകളെ ബന്ധിപ്പിച്ചുള്ള സ്ലാബ് കോൺക്രീറ്റ് പൂർത്തിയായി. കിഴക്കുവശത്തെ 4 സ്പാനുകളിലെ സ്ലാബ് കോൺക്രീറ്റ് അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.

547 മീറ്റർ നീളം വരുന്ന മേൽപ്പാലത്തിൽ റെയിൽവേ ലൈൻ കടന്നു പോകുന്നതിന് മീതേയുള്ള 52 മീറ്റർ സ്ഥലത്ത് റെയിൽവേ എൻജിനിയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പണികൾ നടത്തുന്നത്. ലൈനിന്റെ രണ്ടു വശങ്ങളിലായി 2 തൂണുകൾ ഇതിനായി സ്ഥാപിക്കും. പൈലിംഗ് വർക്കുകൾ ഇന്ന് ആരംഭിക്കും.

സ്റ്റീൽ തൂണുകളും ബീമും

സ്റ്റീൽ കോമ്പോസിറ്റ് സ്ട്രക്ച്ചറിലാണ് പാലത്തിന്റെ നിർമ്മാണം. ഇത്തരത്തിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യ മേൽപ്പാലങ്ങളിൽ ഒന്നാണിത്. സ്റ്റീൽ നിർമ്മിത തൂണുകൾക്ക് മീതേ സ്റ്റീലിൽ നിർമ്മിച്ച ബീമുകൾ സ്ഥാപിച്ച് അതിന് മുകളിലായി കോൺക്രീറ്റ് റോഡാണ് നിർമ്മിക്കുന്നത്.

10.15 മീറ്റർ വീതിയുള്ള പാലത്തിൽ രണ്ടു വരി നടപ്പാതയും ഇരുവശത്തും സർവീസ് റോഡും കൈവരിയും ഉണ്ടാകും. ചെന്നൈആസ്ഥാനമായുള്ള എസ്.പി.എൽ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡാണ് പാലത്തിന്റെ നിർമ്മാണ ചുമതല. റിറ്റ്സ് കമ്പനിയെയാണ് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി കിഫ്ബി വഴി ചുമതലപ്പെടുത്തിയിട്ടുള്ളത്.

വർഷാവസാനത്തോടെ തുറന്നു നൽകും

33.04 കോടി ചെലവിലാണ് മേൽപ്പാലത്തിന്റെ നിർമ്മാണം. 2021 ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ഈ വർഷാവസാനത്തോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.