neendakara-
അധികൃതർ കണ്ണ് തുറന്ന് കാണട്ടേ നീണ്ടകര അഴിമുഖത്തെ ഈ അനാസ്ഥ

ചവറ: നീണ്ടകര ഫിഷിംഗ് ഹാർബറിൽ ഡ്രഡ്ജിംഗ് നിലച്ചിട്ട് മാസങ്ങളായി. നിലവിലെ അശാസ്ത്രീയമായ ഡ്രഡ്ജിംഗ് കാരണം ബോട്ടുകൾ കയറിവരുന്ന പ്രധാന പ്രവേശന കവാടം എപ്പോൾ വേണമെങ്കിലും അടയുന്ന അവസ്ഥയാണ്. വേലിയിറക്ക സമയത്ത് ബോട്ടുകൾ മണ്ണിൽ ഉറച്ചിരിക്കുന്ന അവസ്ഥയാണുള്ളത്. കാര്യക്ഷമമല്ലാത്ത യന്ത്രത്തിന്റെ തകരാർ കാരണമാണ് ഡ്രഡ്ജിംഗ് മുടങ്ങിയത് . കാലഹരണപ്പെട്ട മീന ഡ്രഡ്ജർ പോലുള്ള വലിയ ഡ്രഡ്ജർ ഉപയോഗിച്ച് ഡ്രഡ്ജിംഗ് നടത്തിയാലേ ഹാർബറിലെ പ്രശ്നത്തിന് പരിഹാരമാകൂ. കഴിഞ്ഞ 36 വർഷമായി ഡ്രഡ്ജിംഗിനായി ഉപയോഗിച്ചു കൊണ്ടിരുന്ന സാൻപമ്പ് ഇപ്പോൾ ഉപയോഗിക്കാൻ പറ്റാതായി. ഈ സാൻ പമ്പിനായി ലക്ഷങ്ങൾ മുടക്കി പുതുയതായി നിർമ്മിച്ച ബാർജ് ഉപയോഗിക്കാനാവാതെ വർഷങ്ങളായി ഹാർബറിൽ തന്നെ ഇരിപ്പുണ്ട്.

മത്സ്യവ്യവസായം സ്തംഭിക്കും

ആദ്യകാലങ്ങളിൽ ഫൈബർ വള്ളങ്ങളും ചെറിയ ബോട്ടുകളും സഞ്ചരിക്കാറുണ്ടായിരുന്ന ഒരു ഭാഗം പൂർണമായും അടഞ്ഞു. വള്ളങ്ങൾ അടുപ്പിക്കുന്ന പ്ളാറ്റ്ഫോമിന് സമീപം മണ്ണ് വീണ് നികന്നതിനാൽ വള്ളങ്ങൾ അടുപ്പിച്ച് മത്സ്യവിപണനം നടത്താൻ ബുദ്ധിമുട്ടാണ്. പ്രവേശന കവാടം കൂടി അടഞ്ഞാൽ ഹാർബറിലെ മത്സ്യവ്യവസായം പൂർണമായും സ്തംഭിക്കും.


നീണ്ടകര ഹാർബറിന്റെ പ്രവേശന കവാടത്തിൽ മണ്ണ് ചാക്ക് അടുക്കി പരീക്ഷിച്ചിട്ടും അതിന്റെ മുകളിലേക്കും മണ്ണ് വീണ് അടഞ്ഞിരിക്കുകയാണ്. നീണ്ടകര ഹാർബറിലേക്ക് വള്ളങ്ങളും ബോട്ടുകളും അടുപ്പിക്കാൻ പറ്റാത്ത സാഹചര്യം ഒഴുവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

എസ്.ശിവദാസൻ

(ലേല തൊഴിലാളി യൂണിയൻ ,ട്രഷറർ)

ഇപ്പോഴത്തെ ഡ്രഡ്ജിംഗ് ശാസ്ത്രീയമല്ലെന്നത് അധികൃതർ മനസിലാക്കണം. അഴിമുഖത്തു നിന്ന് നീണ്ടകര ഹാർബറിലേക്കുള്ള പ്രവേശന കവാടം ബീച്ച് മോഡലായിരിക്കുകയാണ്. മണ്ണ് വീണ് അടഞ്ഞ് 10 മീറ്ററുള്ള ചാല് മാത്രമായി മാറി. വലിയ ബോട്ടുകൾക്ക് കടന്നുവരാൻ സാധിക്കാതെ പാടുപെടുന്നു .

രാധാകൃഷ്ണ പിള്ള (നീണ്ടകര ഫിഷിംഗ് ഹാർബർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജോ.സെക്രട്ടറി)