
കൊല്ലം: കോർപ്പറേഷനിലെ പാൽക്കുളങ്ങര ഡിവിഷനിൽ പുളിയത്ത് മുക്ക്- കല്ലുംതാഴം റോഡിന് പണം അനുവദിച്ച് കരാർ നൽകി നാലര വർഷം പിന്നിട്ടിട്ടും പണികൾ പൂർത്തിയാക്കാനോ നിർമാണ പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകാനോ കരാറുകാരനോ അധികൃതർക്കോ താത്പര്യമില്ലാത്ത അവസ്ഥയാണ്. റോഡ് നിർമ്മാണത്തിന് കരാർ നൽകിയെങ്കിലും കരാറുകാരന്റെയും അധികൃതരുടെയും അനാസ്ഥകാരണം നാലരവർഷത്തിലേറെയായി ഈ ഭാഗത്തെ ആയിരത്തോളം കുടുംബങ്ങൾ യാത്രാ ദുരിതത്തിലാണ്. എം.നൗഷാദ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡിലെ ഈഴവ പാലവും റോഡും നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും റോഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്. പണി വേഗത്തിൽ പൂർത്തിയാക്കാൻ എം.എൽ.എ മുൻകൈയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പൊതുമരാമത്ത് മന്ത്റിക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല. പുളിയത്ത് മുക്ക് കല്ലുംതാഴം ഈഴവപ്പാലം റോഡ് പണി അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പാൽക്കുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ജൂണിൽ ഉപരോധസമരമുൾപ്പെടെ നടത്തിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
'' കല്ലുംതാഴം- പുളിയത്ത് മുക്ക് വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചിട്ട് നാലരവർഷമായി. നാട്ടുകാരോടുള്ള വെല്ലുവിളിയും അവഗണനയും മാത്രമാണ് പണി തീരാൻ കാലതാമസമെടുക്കുന്നത് "'-
കെ. രാജേന്ദ്രൻ, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 4103 നമ്പർ ശാഖ