 
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ അപകടമേഖലയാണ് ഉറുകുന്ന് കനാൽ പാലവും പരിസരവും. അവിടെ കൂറ്റൻ കാട് വളർന്ന് അപകടഭീഷണിയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
കൊടും വളവും കുത്തിറക്കമുവുള്ള ഇവിടെ അപകടങ്ങളൊഴിഞ്ഞ സമയമില്ല. എന്നിട്ടും ഈ ഭാഗത്തെ കാട് വെട്ടിത്തെളിക്കാൻ അധികൃതർ മെനക്കെടുന്നില്ല.
അപകടമേഖലയാണ് , സൂക്ഷിക്കണേ
അയൽ സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് ചരക്കുലോറികളടക്കം കടന്നുപോകുന്ന പാതയാണ്. കുത്തിറക്കവും കൊടും വളവുമുള്ള ഭാഗത്തെ കാട് കാരണം എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങളെ പരസ്പരം കാണാൻ കഴിയാത്ത അവസ്ഥയാണ്. അപകടങ്ങൾ വർദ്ധിക്കാൻ അത് കാരണമാകും. കനത്ത മഴയത്ത് ഇതുവഴി ചരക്കുമായി ഇറക്കം ഇറങ്ങി വരുന്ന ലോറികൾ തെന്നി പാതയോരത്തെ ഓടയിൽ മറിയുന്നതും പതിവാണ്. എന്നാലിതുവരെ ഇവിടെ ഒരു അപകട സൂചന ബോർഡ് സ്ഥാപിക്കാൻ പോലും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ശബരിമല സീസൺ ആരംഭിച്ചാൽ ആയിരക്കണക്കിന് തീർത്ഥാടകരുടെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
അപകട മേഖലയായ പ്രദേശത്ത് കാട് വളർന്ന് ഉയർന്നതോടെ സമീപ വാസികളായ താമസക്കാരും കടുത്ത ആശങ്കയിലാണ്. വാഹനാപകടങ്ങൾ നിത്യസംഭവമായി മാറുന്ന കൊടും വളവും കുത്തിറക്കവുമുള്ള പാതയോരത്തെ കൂറ്റൻ കാട് ഉടൻ നീക്കം ചെയ്തില്ലെങ്കിൽ ജനകീയ സമരങ്ങൾ ആരംഭിക്കും.
സന്തോഷ് ഉറുകുന്ന്, എൻ.സി.പി ജില്ലാ നിർവാഹക സമിതി അംഗം