
പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് വാർഡ് അംഗം കുടങ്ങളുമായെത്തി വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. മൂന്നാം വാർഡ് അംഗം നാഗരാജനാണ് ഇന്നലെ രാവിലെ ഒറ്റയ്ക്ക് പുനലൂരിലെ വാട്ടർ അതോറിട്ടി ഓഫീസിലെത്തി ഉപരോധിച്ചത്. പഞ്ചായത്തിലെ ഒറ്റക്കൽ, പത്തേക്കർ, തെന്മല എന്നി വാർഡുകളിലായിരുന്നു 22ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയത്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടി ആഴ്ചകളോളം കഴിഞ്ഞിട്ടും പുനസ്ഥാപിച്ചില്ല. അതാണ് കഴിഞ്ഞ കുടിവെള്ളം മുടങ്ങാൻ കാരണം. ആയിരക്കണക്കിന് കുടുംബാംഗങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയായിരുന്നു. ജന പ്രതിനിധികൾ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിട്ടും നടപടി നീണ്ട് പോകുന്നതിൽ പ്രതിഷേധിച്ചാണ് നാഗരാജൻ സമരവുമായി പുനലൂരിലെ വാട്ടർ അതോറിട്ടി ഓഫീസിലെത്തിയത്. തുടർന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയറുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇന്ന് പൈപ്പ് ലൈനുകൾ ശരിയാക്കി കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.