കൊല്ലം: കോർപ്പറേഷനിലെ ആലാട്ട്കാവ് ഡിവിഷനിലെ പൊൻപുലരി കുടുംബശ്രീ യൂണിറ്റ് കേന്ദ്രീകരിച്ച് സി.പി.എം നേതാക്കൾ നടത്തിയ സാമ്പത്തിക അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. കുടുംബശ്രീ അംഗങ്ങൾ അറിയാതെ അക്കൗണ്ടിൽ നിന്ന് സി.പി.എം നേതാക്കളും മുൻ കൗൺസിലറും ചേർന്ന് ലക്ഷങ്ങൾ കൈപ്പറ്റിയിരിക്കുകയാണ്. സി.പി.എം കുടുംബശ്രീ യൂണിറ്റുകൾ കേന്ദ്രീകരിച്ച് നടത്തുന്ന തിരിമറികളിൽ ഏറ്റവും ഒടുവിലത്തേതാണ് പൊൻപുലരിയിൽ നടന്നിരിക്കുന്നത്. അഴിമതി ചോദ്യം ചെയ്യുന്ന കുടുംബശ്രീ അംഗങ്ങളെ ഭരണ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.