
ചാത്തന്നൂർ: മൂന്ന് മക്കൾ ഉപേക്ഷിച്ച വൃദ്ധ മാതാവിനെ സ്നേഹാശ്രമം ഏറ്റെടുത്തു. നാവായ്ക്കുളം, വെട്ടിയറ, പുന്നമൂട്ടിൽ ആലുംമൂട്ടിൽ ശ്രീമതിയെയാണ് ഏറ്റെടുത്തത്. ഇവരുടെ ഭർത്താവ് 22 വർഷം മുമ്പ് മരിച്ചു. കൂലി പണി ചെയ്താണ് മൂന്നു ആൺമക്കളെ വളർത്തിയത്. വിവാഹിതരായതോടെ മൂവരും അമ്മയെ ഉപേക്ഷിച്ചു. രോഗിയായ ശ്രീമതിക്ക് വെട്ടിയറ വുഡ്ലാന്റിലെ ഷിബിലിയാണ് അഭയം നൽകിയത്. നാവായ്ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്റെയും വൈസ് പ്രസിഡന്റ് സാബുവിന്റെയും ആവശ്യപ്രകാരമാണ് ശ്രീമതിയുടെ സംരക്ഷണം സ്നേഹാശ്രമം ഏറ്റെടുത്തത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ജെ.ജിഹാദ്, നാവായ്ക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന ഫൈസൽ, അരുൺകുമാർ എന്നിവരാണ് ശ്രീമതിയെ സ്നേഹാശ്രമത്തിലെത്തിച്ചത്. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, വർക്കിംഗ് ചെയർമാൻ പി.എം.രാധാകൃഷ്ണൻ, മാനേജർ ബി.സുനിൽകുമാർ, ട്രഷറർ കെ.എം.രാജേന്ദ്രകുമാർ, ആർ.ഡി.ലാൽ, ആലപ്പാട്ട് ശശിധരൻ, എം.കബീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.