കൊല്ലം: കൊച്ചിയിൽ നടന്ന 'കൊക്കൂൺ' സൈബർ സുരക്ഷ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹാക്കിംഗ് മത്സരത്തിൽ അമൃത വിശ്വ വിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ ജേതാക്കളായി. അമൃത ടീം ബയോസ് അംഗങ്ങളും അമൃതപുരി കാമ്പസിലെ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളുമായ ആദിത്യ സുരേഷ് കുമാർ, രോഹിത് നാരായണൻ എന്നിവരടങ്ങുന്ന റെഡ് ചില്ലീസ് ടീമാണ് ജേതാക്കളായത്. സമ്മാനമായ ഒരു ലക്ഷം രൂപയുടെ ചെക്ക് സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടിയിൽ നിന്ന് ഇരുവരും ചേർന്ന് ഏറ്റു വാങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 64 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
അഡ്വേഴ്‌സറി വാർസ് സി.ടി.എഫ് മത്സരത്തിൽ അമൃതപുരി കാമ്പസിലെ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും ടീം ബയോസ് അംഗവുമായ എം.യദുകൃഷ്ണ ജേതാവായി. കേരള പൊലീസിന്റെ സൈബർ ഡോം വിഭാഗവും സൈബർ സെക്യൂരിറ്റി രംഗത്തുനിന്നുള്ള ബീഗിൾ സെക്യൂരിറ്റിയും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്.