minister
കുണ്ടറ ആശുപത്രി മുക്കിനും പെരുമ്പുഴയ്ക്കും ഇടയിൽ നിർമ്മാണം നടക്കുന്ന റോഡിന്റെ പ്രവർത്തന പുരോഗതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിലയിരുത്തുന്നു

കൊല്ലം: പാരിപ്പള്ളി കടമ്പാട്ടുകോണത്ത് നിന്നാരംഭിക്കുന്ന കൊല്ലം - ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയ്ക്കുള്ള സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക സംസ്ഥാനം ചെലവഴിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുണ്ടറ ആശുപത്രി മുക്കിനും പെരുമ്പുഴയ്ക്കും ഇടയിലുള്ള റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുണ്ടറ ആശുപത്രിമുക്ക് - പെരുമ്പുഴ റോഡിന്റെ വശങ്ങളിലുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതും നിർമാണപ്രവൃത്തികൾ കാര്യക്ഷമമാക്കുന്നതിനും പി.സി. വിഷ്ണുനാഥ് എം.എൽ.എ, ജില്ലാ കളക്ടർ എന്നിവരുമായി ചർച്ച നടത്തും. കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ തൃക്കണ്ണമംഗൽ- പ്ളാപ്പളളി- സദാനന്ദപുരം റോഡിന്റെ നവീകരണത്തിന്റെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. എല്ലാ റോഡുകളും മികവു​റ്റതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കാലാവസ്ഥാ വ്യതിയാനവും ഇതര വെല്ലുവിളികളും മറികടന്നുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കണെമെന്ന നിർബന്ധത്തിന് വിഘാതമാകുന്ന കരാറുകാരേയും ഉദ്യോഗസ്ഥരേയും തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

പൊതുമരാമത്ത് റോഡുകളിൽ മറ്റ് വകുപ്പുകൾ നടത്തുന്ന എല്ലാ പ്രവൃത്തികളും പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. നിർമാണം പൂർത്തീകരിച്ച റോഡ് മുറിച്ച് പൈപ്പ് ഇട്ടതിന് ശേഷം അതേ നിലവാരത്തിൽ റോഡ് ശരിയാക്കാൻ വ്യവസ്ഥയുണ്ട്. ജില്ലയിൽ കുടിവെളള പദ്ധതിക്കായി കുഴിച്ച റോഡുകൾ നന്നാക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞു.

റോഡ് നവീകരണം, മന്ത്രിക്ക് നൽകിയ ഉദ്യോഗസ്ഥ വിശദീകരണം

ഓച്ചിറ- അഴീക്കൽ റോഡ് നവീകരണം 30ന് പൂർത്തിയാക്കും

കൊട്ടാരക്കര - ഓടനാവട്ടം- വെളിയം റോഡ് ഒക്ടോബർ 20ന് പൂർത്തിയാകും

അയത്തിൽ - ചെമ്മാൻമുക്ക് റോഡ് ബി. എം ജോലികൾ 28ന് പൂർത്തിയാകും

ചിന്നക്കട- ബീച്ച് റോഡ് ക്ടോബർ 3ന് മുമ്പ് നവീകരിക്കും.

പരവൂർ എം.എൽ.എ മുക്ക് - പൂതക്കുളം പഞ്ചായത്ത് ഓഫീസ് റോഡിന്റെ കരാറുകാരനെ ഒഴിവാക്കി, റീ ടെൻഡർ ചെയ്തു.

ചാത്തന്നൂർ- പരവൂർ, പരവൂർ - പാരിപ്പളളി റോഡ് സി.ആർ.എഫ് ഫണ്ട് ഉപയോഗിച്ച് പുനർനിർമിക്കും

ഏനാത്ത്- പത്തനാപുരം റോഡിന്റെ അറ്റകുറ്റപ്പണികൾ 30ന് തീരും.

ശാസ്താംകോട്ട - കൊട്ടാരക്കര- നീലേശ്വരം റോഡ്, കരാറുകാരനെ ഒഴിവാക്കി റീ ടെൻഡർ ചെയ്യും.

വെറ്റമുക്ക്- തേവലക്കര- ശാസ്താംകോട്ട - താമരക്കുളം റോഡ് റീ ടെൻഡർ ചെയ്തു.

കുണ്ടറ- മുളവന റോഡിലെ കുഴികൾ, വാട്ടർ അതോറിട്ടിക്ക് നോട്ടീസ് നൽകി.

പുനലൂർ - മൂവാറ്റുപുഴ 16 കി.മീറ്റർ റോഡ് ശബരിമല തീർത്ഥാടനത്തിന് മുൻപ് ഗതാഗത യോഗ്യമാക്കും

വാട്ടർ അതോറിട്ടിയുടെ കുഴികൾ മൂലം തകർന്ന കാട്ടിൽകടവ്- ചക്കുവളളി റോഡ് 30ന് മുമ്പ് അറ്റകുറ്റപണികൾ പൂർത്തിയാക്കും.