കൊല്ലം: അഷ്ടമുടി കായലിന്റെ തീരത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള കോർപ്പറേഷന്റെ സ്ലോട്ടർ ഹൗസ് നവീകരിക്കാൻ പുതിയ കരാർ ഉടൻ ഒപ്പിടും. നേരത്തെ സ്ഥാപിച്ച എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പോരായ്മ പരിഹരിച്ച് പ്രവർത്തന സജ്ജമാക്കാനുള്ള അറ്റക്കുറ്റപ്പണിയാണ് നടപ്പാക്കുന്നത്.
ഹൈടെക് പ്ലാന്റ് ഖരപദാർത്ഥങ്ങൾ വളമായും ദ്രാവകരൂപത്തിലുള്ള മാലിന്യങ്ങൾ വേർതിരിച്ച് ശുദ്ധജലത്തിന് തുല്യമാക്കുമെന്ന വാഗ്ദാനത്തോടെ കോഴിക്കോട് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് നിലവിലെ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്.
പ്ലാന്റ് സ്ഥാപിച്ച ശേഷം 2019 നവംബറിൽ ട്രയൽ റണ്ണിൽ തന്നെ കമ്പിനിയുടെ വാഗ്ദാനം പൊളിഞ്ഞു. ഖര, ദ്രാവക പദാർത്ഥങ്ങൾ ഒരുമിച്ച് പുറത്തേക്കൊഴുകി. അറ്റകുറ്റപ്പണിക്ക് ശേഷം വീണ്ടും പലതവണ ട്രയൽ റൺ നടത്തിയിട്ടും ഫലമുണ്ടായില്ല. പരമ്പരാഗത രീതിയിൽ കശാപ്പ് ചെയ്യുമ്പോഴുണ്ടാകുന്നത് പോലെ രക്തവും മാലിന്യവും കലർന്ന ജലം തന്നെ പുറത്തേക്കൊഴുകി.
50 ലക്ഷം രൂപയുടെ പുതിയ യന്ത്രം സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന വാഗ്ദാനവുമായി ഇതേ കമ്പിനി വീണ്ടും എത്തിയെങ്കിലും നഗരസഭ തള്ളി. ഇതിന് ശേഷം പുതിയ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലുള്ള കരാറാണ് ഉടൻ ഒപ്പിടുന്നത്.
താഴ് വീണിട്ട് നാലാണ്ട്
2018 ജൂലായിലാണ് പ്രദേശവാസികൾ നൽകിയ ഹർജിയിൽ സ്ലോട്ടർ ഹൗസ് അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്. ആ സാമ്പത്തിക വർഷം 56.25 ലക്ഷം രൂപയാണ് സ്ലോട്ടർഹൗസുമായി ബന്ധപ്പെട്ട് ഉറപ്പിച്ചിരുന്ന ലേലത്തുക. ആറ് ഇറച്ചി സ്റ്റാളുകൾ എട്ട് ലക്ഷം രൂപയ്ക്കും ആ വർഷം ലേലം പോയിരുന്നു. സ്ലോട്ടർ ഹൗസ് പൂട്ടിയതിനാൽ അവിടെ നിന്നുള്ള വരുമാനം പോയതിന് പുറമേ ഇറച്ചി സ്റ്രാളുകളും പിന്നീട് ലേലം ചെയ്യാൻ പറ്റിയിട്ടില്ല. ഈയിനത്തിൽ ഇതുവരെ നഗരസഭയ്ക്ക് ഏകദേശം രണ്ട് കോടിയോളം രൂപ നഷ്ടമായിട്ടുണ്ട്.
സ്ലോട്ടർ ഹൗസ് പ്രവർത്തിക്കാത്തത് മുതലെടുത്ത് അനധികൃത അറവ് വ്യാപകമായി. കോർപ്പറേഷന് സ്വന്തം സംവിധാനം ഇല്ലാത്തതിനാൽ അനധികൃത അറവിനെതിരെയും നടപടിയെടുക്കാൻ കഴിയുന്നില്ല. അനധികൃത അറവുകാർ അവശിഷ്ടം പൊതുസ്ഥലങ്ങളിൽ തള്ളുന്നത് മാലിന്യ പ്രശ്നവും രൂക്ഷമാക്കി.
നാട്ടുകാർ